2020, ഏപ്രിൽ 7, ചൊവ്വാഴ്ച

അൽ ബർസ സൗദിയിലുണ്ടൊരു കൊടൈക്കനാൽ

മരുഭൂമിയിലൂടെയുള്ള യാത്രകൾ വിരസത നിറഞ്ഞതാണെന്ന തെറ്റിദ്ധാരണ നിരന്തരമായ യാത്രകളിൽ എന്നെ അപ്പാടെ മാറ്റിയിട്ടുണ്ട്,  സഞ്ചാരികൾക്ക് മരുഭൂമി നലകുന്ന വിരുന്നുകൾ മറ്റേതു സ്ഥലത്തേക്കാൾ വ്യത്യസ്തമാണ്, ആ മണൽപ്പരുപ്പുകളെ സൂക്ഷമമായി നിരീക്ഷിച്ചിച്ചാൽ വളരെ വ്യത്യസ്തതകൾ നിറഞ്ഞ   ഭൂപ്രദേശങ്ങളെ കാണാൻ കഴിയും, സൗദിയുടെ  റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ മരുഭൂമി ഓരോ  കിലോമീറ്ററുകൾ പിന്നിടുമ്പോഴും അതിന്റെ വേഷപ്പകർച്ചകൾ വീക്ഷിക്കാൻ കഴിയും, ചുവന്ന മണലും, മങ്ങിയ മണൽ കുന്നുകളും കറുത്ത പാറകളും, ചരൽ നിറഞ്ഞ പ്രദേങ്ങളുമെല്ലാം ഈ മേഖലയിൽ ദൃശ്യമാണ്,ചരിത്രങ്ങളുടെ മണൽ തരികളെന്നും ഇവയെ വിശേഷിപ്പിക്കാം,അത്രമാത്രം ചരിത്രം ഈ കാണുന്ന വിജനതയിൽപോലുമുണ്ട് എന്നതാണ് മരുഭൂമിയുടെ പ്രത്യേകത,വരണ്ടുണങ്ങിയ ഈ മണൽ കുന്നുകളിൽ ഒരു ചാറ്റൽ മഴ പെയ്താൽ അപ്പാടെ പൂക്കൾ വിരിഞ്ഞ് പന്തലിക്കുന്ന പച്ചച്ചെടികളെ കാണുമ്പോൾ മുമ്പ് കണ്ട ആ മണൽ പരപ്പെവിടെയെന്ന് അതിശയത്തോടെ ചോദിച്ചേക്കാം, പ്രവചനങ്ങൾക്കൊരുതരത്തിലുമുള്ള വക നൽകാത്ത ഭൂമിയിലെ അത്യപൂർവ്വ പ്രതിഭാസമാണ്  മണലാരണ്യങ്ങൾ,

ബർസയിലേക്ക് യാത്ര ചെയ്യാനുള്ള കാരണവും അത് തന്നെയാണ് ഈ മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞുനിലക്കുന്ന ഒരു പ്രദേശം, അതിനപ്പുറം ജനവാസം കുറഞ്ഞൊരു മലയോര മേഖല,അതല്ലെങ്കിൽ ഒരു ഗ്രാമം,
യാത്ര തുടങ്ങി ജിദ്ദ പട്ടണത്തെ അതിവേഗം പിന്തള്ളി,ഉസ്ഫാൻ പ്രദേശവും കഴിഞ്ഞു, യാത്ര മണൽ കുന്നുകൾ പിന്നിട്ട് തുടങ്ങി , മണൽ പരപ്പുകൾ മാറിത്തുടങ്ങിയിരിക്കുന്നു  . 
കറുത്ത പാറ കഷ്ണങ്ങൾ നിറഞ്ഞ പ്രദേശമാണ് ഇപ്പോൾ റോഡിന്റെ രണ്ട് വശങ്ങളിലും  , ഇടക്കുള്ള പച്ചപ്പുകളിൽ വിദൂരത്ത് ആടുകളും ഒട്ടകങ്ങളും അനയാസം മേഞ്ഞു നടക്കുന്നു, കൂടെ ചിലയിടങ്ങളിൽ അവയെ മേക്കുന്ന  ഇടയന്മാരേയും കാണാം, കിലോമീറ്ററുകളോളം പരന്നകിടക്കുന്ന പ്രദേശങ്ങൾ,നിരപ്പായ പ്രദേശത്ത് ആധുനിക രീതിയിൽ നിർമിച്ച റോഡുകൾ, വളവുകളും തിരിവുകളും നന്നേകുറവാണ്,ഇടക്ക് മാത്രം എതിർ ദിശയിൽ അറബികളുടെ പഴയ വാഹനങ്ങൾ മാത്രം, അതിൽ നിറയെ ഓട്ടകൾക്കുള്ള പുല്ലുകളും മറ്റുമാണ് കൊണ്ട് പോകുന്നത്,യാത്രക്കാരും വാഹനങ്ങളും നന്നെ കുറവുള്ള പ്രദേശം, കുറേ സഞ്ചരിച്ചപ്പോൾ ഞങ്ങൾ വണ്ടിയൊന്ന് ഒതുക്കി നിർത്തി, ഇപ്പോൾ പുറത്ത് ഒരിളം കാറ്റ് വീശുന്നുണ്ട്, ഡിസംമ്പറിൽ  ഒരു പുഴവക്കിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തണുത്ത കാലവസ്ഥയെ അനുസ്മരിപ്പിക്കുന്നു, ഇത് മരുഭൂമിയൊ ? എന്ന് ചിലപ്പൊ മനസ് ചോദിച്ച് പോകുന്നുണ്ട്, ഞങ്ങളയാ കാറ്റ് അല്പനേരം അവിടെ തങ്ങാൻ പ്രേരിപ്പിച്ചു, കറുത്ത കല്ലുകളാണ് റോഡിനു ഇരുവഴവും അതിലെ ഒരു പാറായിൽ  കേറി നോക്കി കറുത്ത ഭൂമിക, വിജനതയിൽ വിദൂരത്ത് നിന്ന്  കാറ്റിന്റെ കുഴൽനാദം, വിരളമായി ചെറിയ കുരുവികളുടെ ചെറിയ ശബ്ദങ്ങൾ,കതോർത്താൽ അകലെ ഏതോ കുടിലിൽ നിന്നൊരു അറബിക് സംഗീതം കേൾക്കുന്നപോലെ, ഈ കാണുന്ന വിചനതക്ക് അപ്പുറം ഒരു ഗ്രാമമുണ്ടായിരിക്കാം,അവിടെ ഏതോ ഒരു അറബിക് സംഗീതവും കേട്ട് റൊട്ടി കഷ്ണങ്ങളു കഴിച്ച് വിശ്രമിക്കുന്നുണ്ടാകാമെന്ന് ഞാൻ മനസിൽ ഓർത്തുപോയി,കാറ്റ് ചിലപ്പോൾ ശക്തമാകുന്നുണ്ട്,ഇളംവെയിൽ   കവിളുകളെ തലോടുന്നു,വളരെ വേഗത്തിലൊരു കാർ പാഞ്ഞുപോയി,അതിലെ ഒരു അറബി ഞങ്ങളെ നോക്കി ചിരിച്ചു,

റഫീഖും അദ്നുവു സുഫിയാനും മർവാനുമാണ് കൂടെയുള്ള യാത്രികർ,യാത്രപ്രിയരെക്കാൾ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ താല്പര്യമുള്ള സുഹൃത്തുക്കൾ, ചിത്രങ്ങൾ അദ്നാൻ പകർത്തുന്നുണ്ട്, മനോഹരമായ ഭൂമിക, പൊൻപുലരിയുടെ സൂര്യകിരണങ്ങൾ തട്ടി പുൽ ചെടികൾ ഈ  കറുത്ത കല്ലുകൾക്കിടയിൽനിന്ന് തലയാട്ടുന്നുണ്ട്, അപൂർവ്വമായി ഇടക്ക് ചില വിനോദ സഞ്ചാരികൾ ഈ വഴികളിലൂടെ പോകുന്നുണ്ട്, ഇവിടെ  ചപ്പ് ചവറുകളൊന്നും കാണുന്നില്ല, നല്ല വൃത്തിയുള്ള റോഡുകളും അരികുകളും, ഞങ്ങൾ ഇപ്പോഴും ബർസയിൽ എത്തിയിട്ടില്ല ഇനിയും യാത്ര ചെയ്യണം, അങ്ങനെ വീണ്ടും യാത്ര തുടങ്ങി, വിദൂരത്ത് പച്ചപ്പ് നിറഞ്ഞ മലകൾ കാണുന്നുണ്ട്, കറുത്തകല്ലുകൾ ഇപ്പോൾ കുറഞ്ഞു വരുന്നു, പുല്ല് വിരിച്ച പരന്ന പ്രദേശങ്ങളായി മാറിയിരിക്കുന്നു , ആട്ടിൻ കൂട്ടങ്ങൾ ദാരാളം കാണുന്നുണ്ട്, മനോഹരമായ പ്രദേശം, പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന്റെ നടുവിലൂടെയുള്ള റോഡ്,  ഞാൻ അങ്ങ് ദൂരെ നിന്നുള്ള ആ ദൃശ്യത്തെ മനസിൽ  ഓർത്തെടുത്തു, എന്നിട്ട് വിദൂരത്തേക്ക് നോക്കി, അങ്ങ് ദൂരേ ഒരു ആട്ടിൻ കൂട്ടം നടന്ന് അകലുന്നുണ്ട് ആട്ടിടയൻ കൂട്ടം തെറ്റിപ്പോകുന്ന ആടുകളെ തെളിച്ച് പിന്നിൽ ഓടി നടക്കുന്നു,

ഇപ്പോൾ ഞങ്ങൾ സഞ്ചരിക്കുന്ന പ്രദേശവും കുറച്ച് മുമ്പ് പിന്നിട്ട മരുഭൂമിയും എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്, ഭൂമിയുടെ ഓരോ ഇടങ്ങളും കാലവസ്ഥക്കനുസരിച്ച് മാറുന്നത് എത്ര കുറച്ച് ദൂരത്തിനുള്ളിലാണ്, ചിലപ്പൊ പെടുന്നനെ തണുപ്പിൽനിന്ന് ചൂടിലേക്കും മഞ്ഞിലേക്കും മഴയിലേക്കുമാണ് മാറുന്നത്, ഇപ്പോൾ ഞങ്ങൾ ബർസക്കടുത്ത് എത്തിയിരിക്കുന്നു, നിറയെ പുല്ലുകളും ചെടികളും പൂക്കളും നിറഞ്ഞ കുന്നുകളാണ് ചുറ്റും, 

ഒരു കുന്നിന്നപ്പുറം മറ്റൊന്നെന്ന നിലയിൽ മനോരമായ പ്രദേശം, അവയ്ക്കിടയിലൂടെ വളഞ്ഞ് തിരിഞ്ഞ് പോകുന്ന റോഡുകൾ, വണ്ടി നിർത്തി  ഒരു കുന്നിനു മുകളിൽ ഞങ്ങൾ പാഞ്ഞ് കയറി  , അതിനപ്പുറവും എത്രയോ കുന്നുകൾ ,എല്ലാ കുന്നുകളിൽ ഓടിപ്പോയി കേറാൻ തോന്നുന്ന അത്രക്ക് സുന്ദരം, ഇളം കാറ്റിൽ അല്പനേരം ആ കുന്നിന്റെ മുകളിൽ ഞങ്ങൾ മതിമറന്ന് ഇരുന്നു,കേരളത്തിലെ ഒരു നാട്ടിൻ പുറത്തെ കുന്നിൻ മുകളിൽ നിൽക്കുന്ന പ്രതീതി,ഇത് കൊടൈക്കനാലിലെ പുൽമേടുകാളാണൊ  എന്നും ചിന്തിച്ചുപോയി,അതെ സൗദിയിലെ കൊടൈക്കനാൽ,അങ്ങനെ തോന്നതിരിക്കാൻ കഴിയില്ല, അതല്ലെങ്കിൽ  ഈ തണുപ്പ് കൊള്ളുമ്പോൾ ഊട്ടിയിലെ പുൽമേടുകളിൽ ഓടിനടന്ന ഓർമകൾ അറിയാതെ മനസിലേക്ക് വന്നു,

യാത്ര തുടരുകയാണ്  ബർസയിലെത്തുമ്പോൾ  രാവിലെ 10 മണി കഴിഞ്ഞിരുന്നു,തണുപ്പ് അപ്പോഴും ഉണ്ട്, നല്ല ഉളം കാറ്റ്, ബർസയിലെ വഴിവക്കിലെ ഒരു ബദവിയൻ സൗദിയുണ്ടാക്കുന്ന നാടൻ ചായയും ബിസ്ക്കേറ്റും കഴിച്ച് അല്പനേരം ഇരുന്നു  അദ്ദേഹത്തിന്റെ  ആ താൽക്കാലിക ചായ മക്കാനി ഒരു മലയുടെ ചെരിവുലാണ് നിൽക്കുന്നത്, യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ഈ കട, അവിടെനിന്ന് നോക്കിയാൽ താഴെ മലഞ്ചെരുവിൽ ധാരാളം ടെന്റുകൽ കാണാം ഇവയെല്ലാം വിനോദ സഞ്ചാരികളെ കാത്ത് തുറന്നിട്ടിരിക്കുകയാണ്, ഫാമിലികൾക്കും സൗഹൃദ കൂട്ടങ്ങൾക്കും സായ്ഹ്നങ്ങളും  രാത്രിയും ചിലവഴിക്കാൻ പറ്റിയ ഇടങ്ങൾ,ചിലയിടങ്ങൾ യൂറോപ്പിലെ ചില  സ്ഥലങ്ങളെപ്പോലെ മനോഹരം, 

യാത്ര ഒരു ജലാശയത്തിനു മുമ്പിലെത്തി, തണുത്ത വെള്ളം, മുകളിൽനിന്ന് അരുവികളിലൂടെ വെള്ളം ഇവിടേക്ക് ഒഴുകി വരുന്നു,  ഇവിടെ കുറച്ച് ആളുകൾ തമ്പടിച്ചിരിക്കുന്നുണ്ട് , ഭക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്, കുട്ടികൾ കളികുന്നു, ഞങ്ങൾ അല്പനേരം ഈ സ്ഥലത്ത് ചിലവഴിക്കാമെന്ന് വിചാരിച്ചു, അവിടേക്ക് നടന്നു,

തണുപ്പാർന്ന മനോഹരമായ ജലശയത്തിനു ചുറ്റും നടക്കുകയാണ് , കേരളത്തിൽ ഏതോ ഉൾനാട്ടിലെ മലഞ്ചെരുവിലൂടെ നടന്നുപോകുകയാണെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ഈയൊരു അന്തരീക്ഷം ഒരിക്കലും സൗദിയുടെ മറ്റു ഇടങ്ങളിൽ കാണ്ടിട്ടില്ല,അത്ഭുതങ്ങൾ ഒളിപ്പിച്ച് വെക്കുന്ന ഭൂമികയാണ് മരുഭൂമികൾ , 

ചരിത്രങ്ങൾ വായുക്കുമ്പോഴും കഥകൾ കേൾക്കുമ്പോഴും മരുഭൂമിയുടെ വിസ്മയങ്ങളെ കേട്ടറിഞ്ഞിണ്ടെങ്കിലും  യാത്രകൾ അവയെ അടുത്തറിയാൻ കഴിയുമ്പോഴാണ് ഈ പ്രകൃതിയുടെ വിശ്വരൂപങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുക,  ഇടക്ക് ഒരു സ്വദേശി പൗരനെ പരിചയപ്പെട്ടു, മക്കളും പേരമക്കളുമായി ഒഴിവ് സമയം ചിലവിടാൻ വന്നതാണ്, ആ പ്രദേശത്തെ കുറിച്ച് കുറേ സംസാരിച്ചു, മഴ ധാരാളം കിട്ടുന്ന പ്രദേശമാണെന്നും കുറച്ച് അകലെ കൃഷിയിടങ്ങളുണ്ടെന്ന്മൊക്കെ അദ്ദേഹം പറഞ്ഞു, അല്പം കൂടി അതിലെയെല്ലാം ചുറ്റിനടന്നു കണ്ടു, സമയം വേഗത്തിൽ പോയികൊണ്ടിരിക്കുന്നു ഇനി തിരിച്ച് പോകണം, സഞ്ചാരികൾ ഇവിടേക്ക് ഇടക്ക് വരുന്നുണ്ട്,ഞങ്ങൾ തിരിച്ച് വണ്ടിയിലേക്ക് നടന്നു,

ആ മലകളും കുന്നുകളും മനോഹാരിതയേയും ഹരിതാഭ  വർണ്ണങ്ങളേയും പിന്നിലാക്കി ഞങ്ങൾ തിരിച്ച് പോരുകയാണ്, വഴിയിൽ ഒരു ഒട്ടകക്കൂട്ടം റോഡ് മുറിച്ച് കടക്കുന്ന രംഗം ഈ യാത്രയിലെ ഏറ്റവും വലിയ ദൃശ്യമായി,വണ്ടികൾ ഒതുക്കി അവർക്ക് വഴിയൊരുക്കി,

അസ്തമയ  സൂര്യന്റെ  പോക്കുവെയിലും പച്ച വിരിച്ച മരുഭൂമിയുടെ വശ്യതയും അതിലൂടെ ആ ഒട്ടകക്കൂട്ടങ്ങൾ മസറയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന അതിമനോഹര ദ്യശ്യവും, അതിനു പിന്നാലെ അവയെ നോക്കാൻ ഒരു ആഫ്രിക്കൻ വംശജനും, അയാൾ ഏറ്റവും ഭംഗിയുള്ള ഇയരംകൂടിയ ഒട്ടകത്തിന്റെ പുറത്ത് രാജാവിനെപ്പോലെ അവയേയുംകൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് നിങ്ങുന്നു, അവ നടന്നു നീങ്ങുന്ന വിസ്മയകരമായ ആ കാഴ്ച കണ്ട് ആ നിരപ്പായ വഴിവക്കിൽ അല്പ നേരം നിന്നുപ്പോയി,അല്പനേരങ്ങൊണ്ട് അങ്ങകലെ അവയെല്ലാം ആ മരുഭൂമിയുടെ വിജനതയിലേക്ക് മറഞ്ഞു, യാത്ര ജിദ്ദ പട്ടണവും ലക്ഷ്യമാക്കി നീങ്ങി, സൂര്യൻ പതിയെ താഴ്ന്നു മരുഭൂമി ഇനി ഇരുട്ടിലേക്ക് മറയുകയാണ് ഇപ്പോൾ മുമ്പിൽ വാഹനത്തിന്റെ അല്പദൂരം കാണുന്ന വെളിച്ചമാത്രം,
ബർസ- ജിദ്ദ പട്ടണത്തിൽനിന്ന് ഒരു മണിക്കൂർ മാത്രം സഞ്ചരിച്ചാൽ എത്തുന്ന പ്രദേശമാണ് ,എന്നാൽ ഭൂപ്രകൃതിയും കാലവസ്ഥയും അപ്പാടെ വ്യത്യസ്തമായൊരു പ്രദേശം, ഉൾനാടായതിനാൽ കൂടുതൽ പേർ ഇവിടെ എത്തുന്നില്ല, അത് കൊണ്ട് തിരിക്കൊ ശബ്ദ കോലഹലങ്ങളൊ ഇല്ലാത്ത മനോഹരമായ പ്രദേശം,കൂടുതൽ സഞ്ചാരികളെ കാത്തിരിക്കുകയാണ് ബർസ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ