2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

പിന്നിലേക്ക്

മുകളിലോട്ട്
പെയ്ത്
മഴ,
പിന്നിലോട്ടൊഴികി
പുഴ,
മലവെള്ളത്തിനൊപ്പം
എന്നിലേക്ക്
തിരിച്ച് പായുന്ന
കാലം,

അകലെ
കൂട്ടിലേക്കൊരു
പക്ഷി പറക്കുന്നു,
ജോലി കഴിഞ്ഞ്
വീട്ടിലേക്കൊരു
കർഷകനും ,
എന്നിട്ടും
ഏകാന്ത കൊയ്ത്തുകാരി
മുന്നിലേക്ക്
ചുവടും വെച്ച്
തന്നിലേക്ക്
കറ്റ കൂട്ടുന്നു,

തിരിച്ചെത്തിയ കാലം
എന്നിലെ
ചരിത്രം തിരയുന്നു,
തിരിച്ചൊഴുകിയ
പുഴയിൽ
ഇനിയെന്തുണ്ട്?

കാറ്റിലേക്കൊഴുകാനിരിക്കുന്ന
എന്നിൽ
ഭാരമായൊന്നും
കരുതേണ്ടതില്ലല്ലൊ!

കൊയ്തുകാരിയുടെ
അരിവാളും
പിന്നിലോട്ട് നടന്നു,
അരിഞ്ഞിട്ട
നെൽ ച്ചെടികളും
അവളെയൊപ്പം
തിരിച്ച് പോകുന്നു,

എന്നിലേക്കാരും
വരാതായപ്പോൾ
എന്നിലെ ഞാനും
തിരിച്ച്
നിശബ്ദതയിലേക്ക് നടന്നു,

ആ ശ്യൂനതയിലേക്കാണ്
അവൾ
കൊയ്ത്തു കഴിഞ്ഞു
തിരിച്ചു വരുന്നത്,
എന്നിലിന്ന്
ഞാനില്ലെന്ന ദു:ഖം
അടുക്കളക്കപ്പുറത്തെ
വരണ്ട പുഴ കണ്ട്
അവൾ മനസ്സിലാക്കിക്കാണും,

തിരിച്ച് പൈയ്ത് മഴയിൽ
അവൾ
ഉണങ്ങിയ
കൺ പോളകളിൽ
കൺ മഷിയിട്ട്
വയലിലേക്ക്
തിരിച്ചു നടന്നു,

ഞാനില്ലാത്ത
എന്റെ ശരീരം
കാറ്റിന്റെ സ്നേഹത്തിൽ
പക്ഷികൾക്കായൊരു


മരവുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ