2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഇരുട്ടിലും വെളിച്ചം കാണുന്നവർ

സ്വപ്നം കൊണ്ടൊരു
വീടു പണിയണം,
കവിതയ്ക്കൊരു മുറിയും
കഥയ്ക്കൊരു മുറിയും
വാടകയ്ക്ക് കൊടുക്കണം,
വൈദ്യുതി വിച്ഛേദിക്കപ്പെട്ട
ആ രണ്ടു മുറിയിൽ വെളിച്ചത്തിനായി
നേർത്തൊരു
മെഴുകുതിരി കൊളുത്താം,
കാറ്റുകൊണ്ടൊരു
ഒറ്റവാതിലും പണിയാം,
ആകാശം കാണാനായി
നിഴൽകൊണ്ടുള്ള മേൽക്കൂരയിൽ
വെയിലുകൊണ്ടൊരു
കിളിവാതിൽ പണിയാം,
കതകടച്ച് ഉറക്കെ ചൊല്ലാനും
ഒന്നിച്ച് ഉറക്കെ വിളിച്ച് പറയാനും
കഥക്കും കവിതക്കും
നിശബ്ദതകൊണ്ടുണ്ടാക്കിയ
രണ്ട് ഉച്ചഭാഷിണികൾ നൽകാം,
അതുകേട്ട്
നാട്ടുകാർ കഥയും കവിതയും
നന്നായി ആസ്വദിക്കും,
ശബ്ദം കൂടിയെന്ന് കുറ്റവുമായി
ചിലർ സമരം ചെയ്യും,
അവരെ സമാധാനിപിക്കാൻ
ഇടക്ക് ഉറക്കമില്ലാത്ത
ഉറക്കം നടിക്കാം,
നിങ്ങൾ കരുതുനുണ്ടൊ
കഥയും കവിതയും
എപ്പോഴും ഉറങ്ങുമെന്ന്?
യഥാർത്തത്തിൽ
അവയ്ക് പകൽമാത്രമെയൊള്ളു.
🖋ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ