2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കണക്ക് മാഷ്


ചെവിത്തുമ്പിൽ ചോക്ക് ചേർത്ത്
നന്നായി തിരുമ്പുമ്പോൾ കിട്ടുന്ന

ഉത്തരമാണ് ലസാഗു,

കണങ്കാലിൽ വേദന വരുമ്പോൾ

കണ്ണിലൂറുന്നതാണ് ഉസാഗ,
മിനുസമുള്ള ചൂരൽ
കൈയ്യിൽ പതിക്കുമ്പോൾ
അവസാനം തെളിയുന്ന പാടാണ്
പൈയുടെ വില,
ബെഞ്ചിൽ കയറ്റി നിർത്തുമ്പോൾമാത്രം
മനസിലാവുന്ന ഒന്നാണ്
ഒരു ക്യൂബിന്റെ ഉയരം,എന്റേയും,
പുറത്താക്കുമ്പോൾ
പെട്ടെന്ന് വിസ്തീർണ്ണവും കിട്ടാറുണ്ട്,

ഒരിക്കലും തീരാത്ത ഗുണനപ്പട്ടികക്ക്
കിട്ടിയ അടിയുടെ പാടുകളെണ്ണാൻ
കുപ്പായം ഊരി പുറം കാണിച്ചപ്പോൾ
പത്ത് വരെ എണ്ണി നിർത്തിയ രാജൻ,



സമവാക്യങ്ങൾക്ക് ഒരു സമവായവുമില്ലാതെ
കിട്ടിയ അടിയുടെ ഓർമയിൽ കണക്ക്മാഷ്
എന്നും മനസിലെ പേടിയായിരുന്നു,



ഇന്ന് ജീവിതത്തിലെ ചില കണക്ക് കൂട്ടലുകളിൽ
അദ്ദേഹം അന്ന് പറഞ്ഞ കണക്കുകളുമായി

നല്ല ചേർച്ചയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ