2017, ഡിസംബർ 4, തിങ്കളാഴ്‌ച

തുഴയട്ടെ ഞാൻ


ആർത്തിരമ്പുന്നൊരു
കടലുണ്ട് വാതിൽക്കൽ,
വീട്ടു പടിക്കലിൽനിന്നത് 
കാറ്റുമൊന്നിച്ച് തിരയായ്
വീടു വിഴുങ്ങുമ്പോഴേക്കുമൊരു
വഞ്ചിയുമായ് എത്തണം,
ചാരുപടിയിലെ ജീവനുകളെ
ചാരത്തു നിർത്തണം,
ആഞ്ഞു തുഴയുന്ന
പങ്കായവുമായി
കാറ്റിനെതിരെ
ഒഴുക്കിനെതിരെ
തുഴഞ്ഞ്-തുഴഞ്ഞീ
ആർത്തിരമ്പുന്ന
കടൽ കടക്കണം,
അത് കണ്ടവർ
എന്റെ പങ്കായത്തിന്റെ
എന്റെ തുഴച്ചിലിന്റെ
പോരിശ പറഞ്ഞ്
വള്ളപ്പാട്ട് പാടും,
മുങ്ങിത്താഴുന്ന
മീനുകളുണ്ടല്ലൊ!
അവർക്ക്......
അവർക്ക്-
കുശുമ്പാകട്ടെയീവഞ്ചി.
ചത്ത് പൊന്തുന്നവയോട്
അറപ്പല്ല
വെറും വെറുപ്പാണ്,
അവരോർത്തില്ല
ഈ കടലിനു വീട്ടുപേരുകൾ
കുല മഹിമകൾ
പണ നിലവാരങ്ങളെന്നിവ
ഓർമ്മയില്ലെന്ന്,
ഓർക്കുക
കരയിൽ,
അരികിൽ
ആർത്തിരമ്പുന്നൊരു
കടലുണ്ടെന്ന്.
*ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ