2017, ഏപ്രിൽ 11, ചൊവ്വാഴ്ച

പൂക്കളെ പുണരാൻ കൂട്ടമായ് പൂക്കളുടെ പറുദീസയിലേക്ക്



വ്യവസായ നഗരിയായ യാമ്പുവിലേക്ക് മുമ്പും പോയിട്ടുണ്ടെങ്കിലും അന്ന് കടൽ തീരവും നഗരിയുമല്ലാതെ മറ്റൊന്നും കണ്ടിരുന്നില്ല,അരാംകൊ പ്ലാന്റിന്റേയും യാൻപെറ്റ് പ്രൊജക്ടിന്റേയും പടുകൂറ്റൻ ടാങ്കുകൾക്കരികിലെ ഹൈവേയിലൂടെ ഒരു വേഗപ്പാച്ചിൽ മാത്രമായിരുന്നു അന്നത്തെ ഓർമയിലെ ആ യാത്ര. ചരിത്രങ്ങൾ  ഉറങ്ങുന്ന പ്രധാന ഇടങ്ങളുള്ള തീരദേശമാണ് യാമ്പു,പവിഴപുറ്റുകളാൽ അലങ്കൃതമായ കടൽ തട്ടുള്ള മനോഹര ബീച്ചുകളാണ് യാമ്പുവിന്റേത്,കടലിന്റെ മാണിക്യമെന്ന് അറബ് കവികൾ വിശേഷിപ്പിച്ച മരുഭൂമിയിലെ സുന്ദര പ്രദേശം.

സൗദി അറേബ്യയിലെ ഏറ്റവും പ്രചാരമുള്ള തുറമുഖങ്ങളിൽ ഒന്നാണ് യാമ്പു,
വളരെ പണ്ട് തന്നെ യമൻ ഈജിപ്ത്‌ വ്യപാരികളുടെ സ്പൈസ് റൂട്ട്  കടന്നുപോകുന്നത് യാമ്പുവിലൂടെയാണ് , മെഡിറ്ററേനിയൻ രാജ്യങ്ങളിൽനിന്നും വരുന്നവർ ഇടത്താവളമായി ഉപയോഗിക്കുന്ന പ്രദേശം എന്നപേരിലും ലോക വ്യപാര മേഖലയിൽ യാമ്പു അറിയപ്പെട്ടിരുന്നു,ഒന്നാം ലോകയുദ്ധകാലത്ത് തുർക്കിയെ നേരിടാൻ സഖ്യസേന തമ്പടിച്ചിരുന്നത് ഈ മേഖലയിലായിരുന്നു എന്ന് പറയപ്പെടുന്നു,ഇന്ന് സൗദിയുടെ വ്യവസായ മേഖലയിലെ പ്രധാനപ്പെട്ടൊരു ഇടമാണ് യാമ്പു,ജുബൈലിനേയും ചേർത്തുള്ള റോയൽ കമ്മീഷൻസിറ്റികൂടിയാണ് യാമ്പു,ചരിത്ര പ്രധാനമായ ബദർ യുദ്ധം നടന്നത് യാമ്പുവിനു അധികം വിദൂരത്തല്ല,

'കൂട്ടം ജിദ്ദ' യാമ്പുയാത്ര പ്ലാൻ ചെയ്യുമ്പോൾ ശെരിക്കും മനസ്സിലൊരു ആവേശമുണ്ടായി, ഫ്ലവർഷൊ കഴിയാൻ ഇനി അധിക ദിവസങ്ങളില്ല, ഫ്ലവർഷോയെ കുറിച്ച്  അറിഞ്ഞ സമയം തൊട്ടുള്ള ആഗ്രഹമാണ്  ഫ്ലവർഷൊ ഒന്ന് കാണണം എന്നത്, സൈഫുവിന്റെ നേതൃത്വത്തിൽ കൂട്ടം യാമ്പു ട്രിപ്പ് പ്ലാൻ ചെയ്തു ദിവസങ്ങൾക്കകം തന്നെ അമ്പതിനു മുകളിൽ അംഗങ്ങൾ രെജിസ്റ്റർ ചെയ്തു, ഞാനും ഭാര്യയും കുട്ടിയും ആദ്യമേ രണ്ട് സീറ്റ് ബുക്ക് ചെയ്തിരുന്നു, രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹയും ഭാര്യയുമെല്ലാം ഞങ്ങൾക്ക് മുമ്പേ സീറ്റു നേടിയെടുത്തിരുന്നു,
കൂട്ടം ജിദ്ദയിലെ കുടുബങ്ങളും അംഗങ്ങളുമാണ് സഹയാത്രികർ  എന്നതുകൂടി  ആകുമ്പോൾ തീർച്ചയായും ആ യാത്ര ഒരു കലാലയ വിനോദസഞ്ചാരത്തിന്റെ  പ്രതീതിയായിരിക്കുമെന്നത് ഉറപ്പാണ്,സൈഫു ബസും മറ്റു കാര്യങ്ങളും ക്രമീകരിക്കുകയും  കാദർഭായ്  ആളുകളുടെ ബുക്കിങ്ങ് നിയന്ത്രിക്കുകയും ചെയ്തു,യാത്രക്ക് മുമ്പുതന്നെ യാത്രയുടെ ഒരോ കാര്യങ്ങളും കൂട്ടം അംഗങ്ങൾ ഒരോരുത്തരായി ഏറ്റെടുത്തിരുന്നു, സമയക്രമം സിദ്ദീഖ് ഭായ് ടീമും, ഭക്ഷണം ജമാൽ നാസർ ടീമും  കൈകാര്യം ചെയ്യുമെന്ന് ഉറപ്പ് നൽകി, യാത്രയുടെ ദിവസങ്ങൾക്കു മുമ്പ് തന്നെ യാത്രക്കാരുടെ എല്ലാ രേഖകളും യാത്രക്കുള്ള വിഭവങ്ങളും തയ്യാറായിരുന്നു, ഒരു സ്കൂൾ വിനോദയാത്രക്ക് തയ്യാറെടുക്കുന്ന അതേ ആവേശത്തിലായിരുന്നു എല്ലാവരും,
പ്രവാസത്തിന്റെ ഓർമയിൽ  ഇങ്ങനെ ഒരുമിച്ച് യാത്ര പോയത് മദായിൻ സ്വാലിഹിലേക്കുള്ള യാത്രയാണ്,700 കിലോമിറ്ററോളമുള്ള നീണ്ടയാത്രകൾ  തെല്ല് മുഷിപ്പുളവാക്കാതെ അന്നതൊരു അഘോഷമാക്കാൻ  കാരണം അതിലെ ഓരോ അംഗവും ഊർജസ്വലരായിരുന്നു എന്നതുകൊണ്ടാണ്,
കൂട്ടത്തിന്റെകൂടെ യാത്ര തിരിക്കുമ്പോൾ  തെല്ലും  മുഷിപ്പുണ്ടാകില്ല എന്നത് മുൻ ധാരണ മാത്രമല്ല, അതൊരു ഉറപ്പുമാണ്, കാരണം അത്രയും പ്രതിഭകളും ഊർജ സ്വലരായ അംഗങ്ങളുമുള്ളൊരു സംഘടനയാണ് കൂട്ടം ജിദ്ദ,

രാവിലെ ആറേ മുപ്പതിനാണ് പുറപ്പെടുന്ന സമയം,ജിദ്ദയിലെ കാലിദ്ബിൻ വലീദ് പാർക്കിൽ നിന്നാണ് പുറപ്പെടുന്നത്, സമയത്തിന്റെ കാര്യത്തിൽ ചില ആശങ്കകളുണ്ട്, കാരണം കുട്ടികൾ അടങ്ങുന്ന കുടുബങ്ങളാണ് കൂടുതലും,രാവിലെ ഇവരെയെല്ലാം ബസിന്റെ അടുത്തെത്തിക്കുക എന്നത് ശ്രമകരമായൊരു ജോലിയാണ് അത് സിദ്ദീക് ഭായ് ഏറ്റെടുക്കമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്, വാട്സാപ്പിലെ ഗ്രൂപ്പിൽ നിരന്തരം സമയം ഓർമിപ്പിച്ചുകൊണ്ടിരുന്നു,തലേന്ന് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്,ഭക്ഷണ ഡിപ്പാർട്ട്മെന്റ് ജമാൽ നാസർ ഭായിയും അവരുടെ മക്കളായ, സഫ്വാനും സർഹാനും കൂടി ആവിശ്യമുള്ള കുറച്ച് സാധനങ്ങൾ വാങ്ങി നേരത്തെ തന്നെ തിരിച്ചു, രാവിലെ പോകാനുള്ളതിനാൽ അന്നത്തെ മറ്റെല്ലാ പരിപാടികളും ഉപേക്ഷിച്ച് നേരത്തെ കിടക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്,

ഞാനും ഭാര്യ നിഭയും മോൾ ഫൈഹയും കൃത്യം നാലേ മുപ്പതിനുതന്നെ എണീറ്റു,ഞങ്ങളുടെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് മകളെ ഒരുക്കി കഴിഞ്ഞപോഴേക്കും സമയം ആറുമണി മുഴങ്ങി, ഞങ്ങൾ കൃത്യം ആറുമണിക്ക് ബസ് വരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു, വണ്ടിയിൽ തലേന്നു വാങ്ങിയ കുബ്ബൂസും മറ്റു സാധനങ്ങളും നിറച്ച് ഞങ്ങൾ ബസ്  പുറപ്പെടുന്ന് സ്ഥലത്ത് ആദ്യം എത്തി, നിബ എപ്പേഴും പറയുന്ന കാര്യമണ്, "നിങ്ങൾ എല്ലായിടത്തും നേരത്തെ എത്തും,ഇനി നമ്മൾ വെറുതെ കാത്തിരിന്ന് മുഷിയും " ഞാൻ തിരിച്ച് പറയാറുള്ളത്  "മറ്റുള്ളവർ മുഷിയുന്നതിനേക്കാളും നല്ലത് നമ്മൾ ഒറ്റക്ക് മുഷിയുന്നതാണ്, 6:20 ആയപ്പോഴേകും ആളുകൾ എത്തിത്തുടങ്ങി,  വർഷങ്ങൾക്ക് ശേഷം ആദ്യമായി സൂര്യോദയമൊക്കെ കാണാലൊ എന്ന് തമാശ പറയുന്നത് കേൾക്കുന്നുണ്ട്, ഏകദേശം 6:30 ആയപ്പോഴേക്കും ആളുകൾ എല്ലാവരും റെഡിയായി , ബസ് മറ്റൊരു സ്ഥലത്തയാതിനാൽ സ്റ്റാർട്ടിംങ്ങ്പോയന്റിൽ എത്തിച്ചേരാൻ കുറച്ച് വൈകി, ഉച്ചക്കുള്ള ഭക്ഷണവും പ്രഭാത ഭക്ഷണത്തിനുള്ള ദാൽ കറിയും അരുവി മോങ്ങത്തിനെയാണ് ഏൽപ്പിച്ചത്, ഭക്ഷണം എത്താൻ കുറച്ച് വൈകിയെങ്കിലും  അധികം താമസിയാതെ ബസ് പുറപ്പെട്ടു, എല്ലാവരും സീറ്റുകൾ ക്രമീകരിച്ചു, അപ്പോഴേക്കും ബസ് ജിദ്ദയിലെ മദീന ഹൈവേയിലേക്ക് പ്രവേശിച്ചു, 

ഇനി യാമ്പുവാണ് ലക്ഷ്യം അതിനിടയിൽ പ്രാതൽ കഴിക്കാൻ ഒരു സ്ഥലം ടീം ലീഡർ സൈഫു കണ്ടെത്തിയിട്ടുണ്ട്, അവിടെ ഇറങ്ങി പെട്ടെന്ന് തിരിക്കണമെന്ന് അദ്ദേഹം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നുണ്ട്, പേരും നമ്പറും അടങ്ങിയ ചില പേപ്പറുകൾ എല്ലാവർക്കും നൽകി, ഗെയിമിനുള്ള തെയ്യാറെടുപ്പാണ് മൽസരങ്ങൾ തുടങ്ങി, ചോദ്യങ്ങളും ഉത്തരങ്ങളുമായി സമയം പോകുന്നതേ അറിയുന്നില്ല, ബസ് ജിദ്ദ പട്ടണമെല്ലാം കഴിഞ്ഞ് വിജനമായ മരുഭൂമിയിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് പായുന്നുണ്ട്, മരുഭൂമി ഉണരുകയാണ് ,സൂര്യ കിരണങ്ങൾ മണലിൽ സ്പർശിച്ചു തുടങ്ങി, ഇളം ചൂടിൽ മേയുന്ന ഒട്ടകക്കൂട്ടങ്ങളെ അങ്ങിങ്ങായ് കാണുന്നുണ്ട്, അനന്തമായി കിടക്കുന്ന മരുഭൂമിയെ കണ്ടപ്പോൾ കടലിനെ ഓർമ്മ വന്നു, രണ്ടിനും വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും എന്തൊക്കെയോ  ചില സാമ്യങ്ങൾ പോലെ,ബസിൽ ഗെയിം പൊടിപൊടിക്കുന്നുണ്ട്, ഉത്തരം കിട്ടുന്നവർ ചിരിക്കുകയും തെറ്റിയ ഉത്തരങ്ങൾക്ക് കൂവലുകളുമായി ബസ് സജീവമായിട്ടുണ്ട്, രാവിലത്തെ ഉറക്കച്ചടവെല്ലാം എല്ലാവരുടേയും വിട്ടുപോയിട്ടുണ്ട്, ഇപ്പോൾ പ്രാതലിന്റെ ചിന്തയിലാണ് പലരും, കുറച്ച് കഴിഞ്ഞപ്പോൾ അനൗൺസ്മെന്റ് വന്നു, "നമ്മൾ പ്രാതൽ കഴിക്കാൻ ഇറങ്ങുകയണ്" എല്ലാവരും ബസിൽ നിന്നും ഇറങ്ങി  പ്രാഥമിക കർമങ്ങളെല്ലാം നിർവഹിച്ച്, പ്രാതലും കഴിച്ച്  പറഞ്ഞ സമയത്തുതന്നെ എല്ലാവരും ബസിൽ കേറി  , ഇനി 2 മണിക്കൂറെങ്കിലും സഞ്ചരിക്കണം

ബസ് വീണ്ടും വിജനതയിൽ മണൽ കുന്നുകൾ താണ്ടി ഹൈവേയിലൂടെ യാമ്പു ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു, ഞങ്ങളുടെ ഡ്രൈവർ സൗദി യുവാവ് വളരെ ജാഗ്രതയോടെയാണ് വണ്ടിയോടിക്കുന്നത്, ബസിൽ വീണ്ടും ഗെയ്മുകളുമായി സൈഫു എത്തി, കുട്ടികളുടെ ചില പാട്ടുകളും ഇടക്ക് പിന്നിൽനിന്ന് കേൾക്കുന്നുണ്ടായിരുന്നു,സമയം 11:30 ആയപ്പോൾ ഞങ്ങളുടെ വാഹനം യാമ്പു ലേക്ക് പാർക്കിൽ എത്തി, ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടാണ് ഇവിടെനിന്ന് പുറപ്പെടുക, ലേക് പാർക്കിൽ അങ്ങിങ്ങായി നിരവധി ആളുകൾ വിശ്രമിക്കുന്നുണ്ട്, കൂടുതലും ദൂരെനിന്നു വന്നവരാണ്, ഫ്ലവർ ഷൊ ആയതിനാലാണ് ഇത്ര തിരക്ക്, ഞങ്ങൾ ബസിൽനിന്നും ഇറങ്ങി, ഫോട്ടോ എടുക്കലും സെൽഫിയുമായി പാർക്കിലൂടെ  നടന്നു , ഇടക്കൊരു ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് എല്ലാവരേയും ഒരു ചെറിയ കുളത്തിന്റെ അരികിൽ നിർത്തി പെട്ടെന്നൊരു ചെറിയ പൊട്ടൽ ശബ്ദവും അന്തരീക്ഷത്തിൽ വർണ കടലാസുപൊട്ടുകൾ പാറി കളിക്കുന്നതും കണ്ടു, തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളുടെ കൂടെയുള്ള സിദ്ദിക് ഭായി മുഴുവൻ വെള്ളയിൽ  കുളിച്ച്  മഞ്ഞിൽ പൊതിഞ്ഞിരിക്കുന്നു, ഹാബി ബർത്ത്ഡേ ടു യു എന്ന്  സിദ്ദീക് ഭായിയുടെ ഭാര്യ ഉച്ചത്തിൽ പറഞ്ഞപ്പോഴാണ് ഭാര്യയും ടീമും ജന്മദിന സമ്മാനം കൊടുത്തതാണെന്ന് മനസ്സിലായത്, മധുരവും വിളമ്പി റജീന ഭർത്താവിന്റെ ജന്മദിനം വിത്യസ്തമാക്കി, പിന്നെ ഭക്ഷണം കഴിക്കാൻ ബസിന്റെ അടുത്തേക് നടന്നു,ഹാരിസ് ഭായിയും ഷാനുവും  അഷറഫ് ഭായിയും ബിരിയാണി ചെമ്പ് പൊട്ടിച്ചു വിളമ്പാൻ തുടങ്ങി, എല്ലാവരും ഭക്ഷണം കഴിച്ച് വണ്ടിയിലേക്കു കേറി,പിന്നീട് നേരെ ബോട്ടിങ്ങ് നടത്താനുള്ള പ്ലാനാണ്, അതിനായി അങ്ങോട്ട് യാത്ര തിരിച്ചു,ബോട്ടിങ്ങ് നടത്താനുള്ള സ്ഥലത്തിറങ്ങി നമസ്കരിച്ച് സൈഫു ബോട്ട് ബുക് ചെയ്യാൻ പോയി, അല്പനേരം ആ കടൽകാറ്റുംകൊണ്ട് ബോട്ട് വരുന്നതും കാത്തിരുന്നു, ബോട്ടിംഗ് രസകരമായൊരു അനുഭവമായി, ഇനി അടുത്ത സ്റ്റോപ്പ് ചൈന പാർക്കാണ്, അവിടെ ഒന്ന് ഇറങ്ങി ബീച്ചിൽ കറങ്ങിയിട്ട് വേണം യാമ്പു ഫ്ലവർഷോ നടക്കുന്ന ഏരിയയിൽ എത്താൻ, ചൈന പാർക്കിലെത്തുമ്പോൾ സമയം  വളരെ വൈകിയിരുന്നു, പകൽ വെളിച്ചത്തിൽ ഫ്ലവർ കാർപറ്റ് കാണാനുള്ള പ്ലാനാണ്, അതുകൊണ്ട് ചൈന പാർക്കിൽ അധിക സമയം തങ്ങിയില്ല, എല്ലാവരും പെട്ടെന്ന് തിരിച്ച് ബസിൽ കേറി തയ്യാറായി , ഫ്ലവർഷോയിലേക്ക് പുറപ്പെട്ടു,

അധികം താമസിയാതെതന്നെ യാമ്പു ഫ്ലവർഷൊ ഏരിയയിൽ ബസ് എത്തിച്ചേർന്നു,പാർക്കിങ്ങിൽ ബസ് നിർത്തി ഒരു ഗ്രൂപ്പ്  ഫോട്ടോയും എടുത്ത് ഫ്ലവർഷോയുടെ പ്രധാന ഏരിയയിലേക്ക് നടന്നു,  ഫ്ലവർഷൊ കാണുവാൻ വേണ്ടി നിരവധി ആളുകൾ  അങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്, ചില  ആളുകൾ ഷോ കണ്ട് തിരിച്ചും നടക്കുന്നുണ്ട്, ദൂരേനിന്ന് തന്നെ ഫ്ലവർഷോയുടെ കവാടം കാണാം, അത്യാവശ്യം വലിയ ഒരു കവാടം തന്നെ ഇതിനായി നിർമ്മിച്ചിട്ടുണ്ട്, കവാടത്തിന്റെ ഒരു ഭാഗത്ത് പൂവുകൾകൊണ്ടൊരു മനോഹരമായ വയലറ്റ് പൂക്കൾകൊണ്ട് ചുമർ നിർമ്മിച്ച് അതിൽ  വെള്ളനിറത്തിലുള്ള പൂവുകൾകൊണ്ട് യാമ്പു ഫ്ലവർഷോ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്, അല്പം മുന്നോട്ട് ചെന്നാൽ ഗ്ലാസ് കവറിങ്ങിൽക്കൂടെ മനോഹരമായ ഫ്ലവർ കാർപെറ്റിനെ കാണാനുള്ള അവസരമുണ്ട്, ഫോട്ടോ എടുക്കുന്ന തിരക്കിലാണു പലരും, സൂര്യ പ്രകാശം പോകുന്നതിനുമുമ്പ് ഫോട്ടോകൾ എടുത്തുവെക്കാൻ അദ്നുവും അലി മഞ്ചേരിയും ധൃതിയിൽ ഫ്ലാഷുകൾ മിന്നിക്കുന്നുണ്ട്,ഞങ്ങൾ കവാടം കടന്ന് അകത്തേക്കു നടന്നു, ഫ്ലവർ കാർപറ്റിന്റെ അടുത്തെത്തി, മനോഹരം, അതിമനോഹരം, ഒരു കുന്നിൻ ചെരിവ് മുഴുവൻ പൂക്കൾ മൂടിയപോലെ, പൂമഴപെയ്തു നിറഞ്ഞ താഴ്വാരം പോലെ, എത്രയോ ദശാന്തരങ്ങളുടെ വസന്തം ഒന്നിച്ചു വന്നതുപോലെ,  വിസ്മയപ്പിക്കുന്ന വർണ്ണ കാഴ്ച,കർണാടകയിലെ ഷിമൊഗയിൽ പോയപ്പോൾ കണ്ട സൂര്യകാന്തി തോട്ടങ്ങൾ ഓർമവന്നു,അത്ഭുതം തോന്നിയത് ഈ ഊശരതയിലെങ്ങന്നെയാണീ വിസ്മയ വസന്തം തീർത്തു എന്നതാണ്,
ഫ്ലവർ കാർപറ്റിന്റെ ഒരു തഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഞങ്ങൾ നടന്നു,ലോകത്തിലെതന്നെ ഏറ്റവും വലിയ ഫ്ലവർ കാർപറ്റാണിത്, പൂവുകളുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ തന്നെ ചക്രവാളത്തിലേക്ക് സൂര്യൻ ധൃതിയിൽ മടങ്ങുന്നുണ്ട് , കൂടുതൽ വൈകാതെ ഷോ പാർക്കിൽ വിളക്കുകൾ തെളിഞ്ഞു രാത്രി വെളിച്ചത്തിൽ പൂവുകൾക്ക് കുറച്ചുകൂടി ഭംഗി തോന്നി, ആളുകളുടെ പ്രവാഹം അപ്പോഴും തുടരുന്നുണ്ട്, ഷോയുടെ മറ്റേ അറ്റത്ത് ചെന്നപ്പോൾ അവിടെ ചിത്ര ശലഭങ്ങളെ കുറച്ച് പഠിക്കാനും കാണാനുമുള്ള ഒരു സ്റ്റാളും കണ്ടു, തിരിച്ച് ഷോപ്പിങ്ങ് സ്റ്റാളുകൾ കണ്ട് ഫ്ലവർ കാർപെറ്റിന്റെ എതിർദിശയിലൂടെ നടന്നു, കുറച്ച് ദൂരം ചെന്നപ്പോൾ മനോഹരമായ പൂക്കൾകൊണ്ട് കവാടം മ്പോലെ ഉണ്ടാക്കിയ നിർമിതികൾ കാണാം, അവിടെ ആളുകൾ ഫോട്ടൊ എടുക്കുന്നുണ്ട്,
ട്രാഫിക്ക് നിയമങ്ങൾ പഠിപ്പിക്കാൻ വേണ്ടി ഒരു പ്രത്യേക ഇടം തന്നെയുണ്ടാക്കി വെച്ചിട്ടുണ്ട്,കുട്ടികൾക്ക് ട്രാഫിക് നിയമവശങ്ങൾ കണ്ട് മനസ്സിലാക്കാനുള്ള റോഡുകളും സിഗ്നലുകളും നിർമിച്ച് വെച്ചിട്ടുണ്ട്,

എല്ലാം കണ്ടുകഴിഞ്ഞു എന്ന ധാരണയിൽ ഒരു ചെറിയ പൂളിന്റെ അരികിൽ ഫൈഹമോളെ നിർത്തി ഞാനും നിബയും വിശ്രമിക്കുമ്പോഴാണ് കുറച്ചുമാറി മറ്റൊരു കവാടം കാണുന്നത് അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു 
"റീസൈകിൾ ഗാർഡൻ" 
ഞാൻ തെല്ല് അതിശയിച്ച് ഒന്നൂടെ വായിച്ചു,അതെ റീ സൈകിൾ ഗാർഡൻ , അതൊരു പുതിയ ചിന്തയാണല്ലൊ! ഞാൻ നിബയോട് പറഞ്ഞു 'വാ നമുക്ക് അങ്ങോട്ട് പോകാം', ഞങ്ങളുടെ കൂടെ വന്ന പലരും  ഗാർഡന്റെ പല ഭാഗങ്ങളിലാണ്, തിരിച്ച് ബസിൽ എത്താൻ ഇനി അരമണിക്കൂറുണ്ട്,ഞങ്ങൾ റീസൈകിൾ ഗാർഡന്റെ അരികിലെത്തി, കാവടത്തിലെ  ഭിത്തിയിൽ ഇരുഭാഗത്തും ഗ്ലാസ് ഫ്രൈമുകളിൽ ചില സാധനങ്ങൾ നിറച്ചത് കാണുന്നുണ്ട്. അതിന്റെ അടുത്തേക്ക് നടന്നു,ഒന്നാമത്തേതിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ചിട്ടുണ്ട്,അതിന്റെ മുകളിൽ പ്ലാസ്റ്റിക് വസ്തുകൾ ഡി കമ്പോസിങ്ങിനെടുക്കുന്ന  സമയം  രേഖപ്പെടുത്തിയിട്ടുണ്ട്, 450 വർഷം എടുക്കുമെന്നാണ് എഴുതിവെച്ചിട്ടുള്ളത്, അടുത്ത അറയിൽ സ്റ്റെയിറൊ-ഫോമാണ് നിറച്ചിരിക്കുന്നത് 75 വർഷം എടുക്കും അത് കമ്പോസായി വരാൻ .ചില്ലു പാത്രങ്ങൾ 500 വർഷവും,പേപ്പർ പാഴ് വസ്തുക്കൾ ഒന്നുമുതൽ രണ്ട് വർഷവും,അലുമിനിയം ക്യാനുകൾ 85 വർഷവുമാണ് ഡികമ്പോസ് ചെയ്യാനുള്ള സമയം,  ഈ ക്രമത്തിൽ വ്യക്തമായി അറിവ് പകരുന്ന ഒരു പവലിയൻ തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്,
മുന്നോട്ട് നടക്കുമ്പോൾ പാഴ് വസ്തുകൾ കൊണ്ടുള്ള അനേകം ഭംഗിയുള്ള രൂപങ്ങൾ നിർമിച്ചുവെച്ചത് കാണാം, ടയറുകൾക്കൊണ്ട് മനോഹരമായ ഇരിപ്പിടങ്ങളും ചെടിച്ചട്ടികളും ഈന്തപ്പനയുമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്, പ്രത്യേക കൗതുകം തോന്നിയത് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് വലിയൊരു ബോട്ട് ഉണ്ടാക്കി വെച്ചതാണ്, ആ ബോട്ട് സ്ഥിതിചെയ്യുന്ന  ഇടത്തെ  റീസൈകിൾ ഐലന്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്, ഐലന്റും കടൽ വെള്ളവും 41000 ബോട്ടിൽ  മൂടികൾകൊണ്ടാണ് ഉണ്ടാക്കിയതെന്ന് വായിച്ചപ്പോൾ  കൗതുകത്തോടൊപ്പം അതിശയവും തോന്നി ,പഴയ ഡ്രമ്മുകൾകൊണ്ട് നല്ല ഇരിപ്പിടങ്ങളും  കുഷ്യനും രസകരമായി നിർമിച്ചു വെച്ചിട്ടുണ്ട്,ആയിരക്കണക്കിനുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു വലിയ മരം ഉണ്ടാക്കിയതും റിസൈകിൾ ഗാർഡനിലെ പ്രധാന ആകർഷണമാണ്, 
നമ്മുക്ക് ചുറ്റുമുള്ള അവശിഷ്ടങ്ങളെ എങ്ങിനെ വളരെ ശാസ്ത്രീയമായി ക്രമീകരിക്കാം എന്ന അറിവ് ആ റീസൈകിൾ ഗാർഡൻ കാഴ്ചക്കാർക്ക് പകർന്നു തരുന്നുണ്ട്, നമ്മൾ ദിനേന വലിച്ചെറിയുന്ന പല വസ്തുക്കളും ഭൂമിയിൽ  ഉണ്ടാക്കികൊണ്ടിരിക്കുന്ന ദോഷ വശങ്ങളും അവയെ എന്തു രീതിയിൽ ട്രീറ്റ് ചെയ്യണമെന്നും  റീസൈകിൾ ഗാർഡൻ വിവരിക്കുന്നുണ്ട്, പുതിയ കാലഘട്ടത്തിൽ ഇത്തരം ഗാർഡനുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് യാമ്പു ഫ്ലവർഷോയിലെ റീസൈക്കിൾ ഗാർഡൻ നമ്മെ മനസ്സിലക്കി തരുന്നുണ്ട്, ഫ്ലവർഷോയിൽ ഞാൻ കണ്ട ഏറ്റവും മൂല്യമുള്ളതും മനസ്സിനെ കൗതകമുണർത്തിയതുമായ കാഴ്ച ആ റീസൈക്കിൾ ഗാർഡനാണ്, അതിനു മുൻകൈ എടുത്തവരെ എത്ര  അഭിനന്ദിച്ചാലും മതിയാകില്ല,

ഫ്ലവർ കാർപറ്റും റീസൈകിൾ ഗാർഡനുമെല്ലാം മനസ്സിൽ നിറഞ്ഞു, തിരിച്ച് ബസിലേക്ക് നടക്കുകയാണ്, മരുഭൂമിയുടെ ഈ  ചൂടിൽ ഇത്ര മനോഹരമയി ഇതെല്ലാം നിർമിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ഇതൊന്നും സംഭവിക്കുന്നില്ല എന്നത് തെല്ല് ആശങ്കയോടെയുള്ള ചിന്തിച്ചു,
ബസിൽ എല്ലാവരും ഹാജരായി, എല്ലാവരുടേയും മുഖത്ത് ക്ഷീണത്തിന്റെ വിചിത്ര ഭാവങ്ങൾ മിന്നിമറയുന്നുണ്ട്, വാഹനം ജിദ്ദയെ ലക്ഷ്യമാക്കി നീങ്ങുകയാണ്, ബസിൽ ബഷീർ ഭായിയുടെ നേതൃത്വത്തിൽ അന്താക്ഷരി നടക്കുന്നുണ്ട്, ചിലർ ഉറക്കത്തിലേക്ക് മെല്ലെ ആഴ്ന്നിറങ്ങിയിട്ടുണ്ട്,
യാത്രകളിൽ ലക്ഷ്യങ്ങൾക്ക് പരിമിതികളുണ്ട്, പക്ഷെ യാത്രയിലുടനീളം ലഭിക്കുന്ന അനുഭവങ്ങൾ അനന്തമാണ്,

യാത്രകൾ ലക്ഷ്യങ്ങളെക്കാൾ അനുഭവങ്ങൾക്ക് വേണ്ടിയാവട്ടെ.

2 അഭിപ്രായങ്ങൾ:

  1. യാമ്പുവിന് ഇത്രയും സൗദര്യമോ.. ഇവിടെ ജീവിക്കുന്ന ഞാൻ അറിഞ്ഞില്ല. ഇത് വരെ വന്നിട്ട് ഒന്ന് കാണാനൊത്തില്ലല്ലോ. :)

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ