2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ക്ഷമിക്കണം

വീട്ടിലേക്ക്
ക്ഷണിക്കാതിരുന്നത്
ഇടവഴിയിലെ
മുള്ള്‌വേലി
കാലിൽ കൊളുത്തുമെന്ന്
ഭയന്നാണ്.
പാതി വഴിയിൽവെച്ച്
തിരിച്ചയച്ചത്
ചെങ്കുത്തായ ഇറക്കം
ധൃതിയിലിറങ്ങാൻ
കഴില്ലെന്നോർത്താണ്,
രാത്രിയിൽ
കൂടെവന്നപ്പോൾ
വരേണ്ടയെന്ന് പറഞ്ഞത്
മുറ്റത്തെ കിണറ്റിനു
പടവില്ലാത്തതിനാലാണ്,
വിരുന്നുവന്നപ്പോൾ
വീട്ടിൽ കിടത്താതിരുന്നത്
തറയിൽ പായ വിരിക്കാൻ
മടിയുള്ളതിനാലാണ്,
മഴയത്തുവന്നപ്പോൾ
കുടനൽകി അയച്ചത്
മേൽക്കൂരയിലെ
ഓട് ഇളകിയതിനാലാണ്,
കാറ്റടിച്ചപ്പോൾ
അഭയം നൽകാതിരുന്നത്
വീടിനു
ഉറപ്പില്ലാത്തതിനാലാണ്,
(ക്ഷമിക്കണം എന്നാണ് എഴുത്തിന് പേരിടാൻ തോന്നിയത്)
💄ഷാജു അത്താണിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ