2017 ജനുവരി 15, ഞായറാഴ്‌ച

വൃത്തിയില്ലാത്ത കവിതകൾ


കവിതകളെല്ലാം
ചുവരുകൾ
കേടാക്കുകയും,
(ചില)
മനസ്സുകളെ
പേടിയിലാഴ്ത്തുകയും
ചെയ്യുന്നുണ്ട്,
പെട്ടെന്ന് തന്നെ
മതിലുകളിൽ
ഒരു
കൈവിലങ്ങിന്റെ
ചിഹ്നം പതിപ്പിച്ച്,
അപായസൂചന
കറുത്ത മഷിയിൽ
ചുവന്ന ലൈനിട്ട്
വരച്ചിടുകയും ചെയ്യും,
അക്ഷരങ്ങൾ
സമരങ്ങളാകുമ്പോൾ
കവിതകൾ
വലിയ
കുറ്റവാളികളാകും,
ജയിലുകൾ
നിറയെ
വരികൾ നിറയുമ്പോൾ
അവർ സ്വയമൊരു
ചിത്രമാകും,
അക്ഷരങ്ങളുടെ
നിലവിളികൾ
കവിതയുടെ
സംഗീതമാകും,
അവ
മുദ്രവാക്ക്യങ്ങളാവും,
സമരം ഇരമ്പും,
ചില്ലക്ഷരങ്ങൾ
പൊട്ടിത്തെറിച്ച്
ചിന്നിച്ചിതറി
മസ്‌തിഷ്‌കം പിളർക്കുമ്പോൾ
അവർ
അധികാര ദണ്ഡ്
കയ്യിലെടുത്ത്
പുറത്തേക്കോടും
കിട്ടുന്ന
താടിയും മുടിയും
വടിക്കും,
നീളക്കുപ്പായങ്ങൾ
വലിച്ചുക്കീറും,
ഇനിയൊരു കവിയും
വൃത്തിഹീനമായ
ചുവരിലൊട്ടിക്കാവുന്ന
ചെറുകവിതകൾ
എഴുതകയില്ലായിരിക്കും,
അവർക്കുള്ളഭയം
ആളുകളെയല്ല-
യെന്ന് ഉറപ്പിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ