2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

വായന

                                                    Artist:- James Abbott McNeill Whistler (1834–1903)

വായിക്കാൻ സുഹൃത്തിന്റെ കയ്യിൽ നിന്നും വാങ്ങിയ പുസ്തകങ്ങളിൽ
അവന്റെ ചിന്തകളും അടക്കം ചെയ്തിരിക്കും,
എന്റെ ചിന്തയിൽ അവ വായിക്കുകയെന്നും
അവന്റെ ഓർമയിൽ അവ സുരക്ഷിതമെന്നും,
വായിക്കാൻ വൈകുമ്പോൾ ചിതലരിക്കുമ്പോൾ
നഷ്ടമാവുന്നത് ഒരുപാട് വാക്കുകൾക്കൊപ്പം 
ഒരേ രണ്ട് മനസ്സുകളുമാണ്,
മടങ്ങിയ പുറംചട്ടകളോരോന്നും
നിവർത്തി തുടച്ച്
തിരിച്ച് കൊടുക്കുമ്പോൾ
നന്മയുള്ള രണ്ട് മനസ്സുകൾ ചുംബിക്കുന്നുണ്ട്,

ആശ്ചര്യപ്പെടുത്തുന്ന താളുകളിലോരോന്നിലും
സ്നേഹത്തിന്റെ ഒരു ചൂര്‌ അനുഭവപ്പെടാം,
എന്റെ കയ്യിലുള്ള ഒരോ പുസ്തകത്തിനും 
പലതരം സുഗന്ധങ്ങളാണ്,
അവ ചിലപ്പോഴെല്ലാം മനസ്സിലേക്ക്
അനായാസം ആവാഹിപ്പിക്കപ്പെടാറുണ്ട്,

ഇന്നലെ വാങ്ങിയ നാല് പുസ്തകങ്ങളിലെ
ചില വാക്കുകളെന്നെ കരയിപ്പിക്കകയും
അവയെന്റെ  ഉറക്കത്തിൽ വന്ന് തട്ടിവിളിച്ച്
വായിക്കാൻ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്
എന്റെ തോന്നൽ ആ സ്നേഹിതന്റെ 
ഓർമകളാണ് എന്നെയിന്ന് സ്വപ്നം കാണിക്കുന്നത്
അതെ
വായിക്കാൻ സുഹൃത്തിന്റെ കയ്യിൽനിന്നും വാങ്ങിയ പുസ്തകങ്ങളിൽ
അവന്റെ ചിന്തകളും അടക്കം ചെയ്തിരിക്കും!.

34 അഭിപ്രായങ്ങൾ:

  1. ഷാജൂ .. അക്ഷരത്തെറ്റുകൾ ഉണ്ട് ...അത് ആദ്യം മാറ്റൂ ... എന്നിട്ട് മാത്രമേ ഞാൻ കവിതയെ കുറിച്ച് എന്തെങ്കിലും പറയൂ ..

    സുരക്ഷതം അല്ല , സുരക്ഷിതം അല്ലെ ? ചുമ്പിക്കുക എന്നല്ല , ചുംബിക്കുക എന്നാണ് .. പാലായനം ചെയ്യുക എന്നല്ല , പലായനം ആണ് .. എന്റെ തോന്നാൽ എന്ന് മാറ്റി എന്റെ തോന്നൽ എന്നാക്കുക .. സ്വപ്നംകാണിക്കുന്നത് എന്നത് ഒറ്റവാക്കല്ല, സ്വപ്നം കാണിക്കുന്നത് എന്നാക്കി മാറ്റുക ..

    ചുരുക്കി പറഞ്ഞാൽ ....നീ ഇത് ചുമ്മാ ആർക്കോ വേണ്ടി എഴുതിയതാണോ ? ഒരു അടുക്കും ചിട്ടയുമില്ലാതെ എഴുതരുത് ഷാജൂ .. നിനക്ക് നന്നായി എഴുതാൻ പറ്റും എന്ന് ഞാൻ മനസിലാക്കിയത് രുദ്ര പ്രയാഗിലെ സംഹാര താണ്ഡവം വായിച്ചപ്പോഴാണ് .. ആ അഭിപ്രായം എന്നെ കൊണ്ട് തിരിച്ചെടുപ്പിക്കരുത് ... വേഗം ഒന്നൂടെ എഡിറ്റ്‌ ചെയ്തു പോസ്റ്റുക ..

    മറുപടിഇല്ലാതാക്കൂ
  2. പ്രവീണ്‍ പറഞ്ഞതില്‍ കാര്യമുണ്ടല്ലോ ..ഷാജു എന്തുപറ്റി.

    മറുപടിഇല്ലാതാക്കൂ
  3. വായിക്കാൻ സുഹൃത്തിന്റെ കയ്യിൽ നിന്ന് വാങ്ങിയ ബ്ലോഗ് ലിങ്കിൽ അവന്റെ ചിതറിയ ചിന്തകളും അടക്കം ചെയ്തിരിക്കും.!
    അല്ലേ ഷാജ്വോ ?
    നല്ല സുഖമുണ്ടെടാ വായനയ്ക്ക്.!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. പ്രവീ അതെ പെട്ടന്ന് മനസ്സിൽ വന്ന ഒരു ചിന്തയാണ്, രണ്ട് ദിവസ്മായി ഇത് എങ്ങനെ എഴുതും എന്ന് ഓർത്തിരിക്കുകയായിരുന്നു, ഇപ്പോൾ ഒർമ്മവന്നപ്പോൾ അങ്ങ് എഴുതി അത് പോലെ പോസ്റ്റി, ചില പോസ്റ്റുകൾ പോസ്റ്റുന്നതിന്ന് മുമ്പ് പല തിരുത്തി പല ആളുകളെ കാണിക്കാറുണ്ട്, ഇത് ഞാൻ ഒരു തവണപോലും വായിക്കതെ പോസ്റ്റിയത് ക്ഷമിക്കണം............

    നിന്റെ അഭിപ്രായത്തിന്ന് ഒരുപാട് നന്ദി

    മറുപടിഇല്ലാതാക്കൂ
  5. ഷാജൂ.... ഇതിലെ അക്ഷരതെറ്റുകള്‍ മാറ്റി എന്ന് മനസിലായി എങ്കിലും ചിലതൊക്കെ ഇപ്പോഴും മാറ്റമില്ലാതെ അവിടെത്തന്നെ ഉണ്ട് താനും.... പക്ഷെ എന്‍റെ കണ്ണുകള്‍ ഉടക്കിയത് അതിലും വലിയ ഒരു തെറ്റിലെക്കാണ്.... മനസ്സിലേക്ക് പലായനം ചെയ്യുക എന്നത് ആശയപരമായും സാഹിത്യപരമായും ഒരു തെറ്റാണ് എന്ന് എന്‍റെ ചെറിയ അറിവ് പറയുന്നു.... പലായനം എന്ന വാക്ക് നാം പലപ്പോഴും കേള്‍ക്കുന്നത് അഭയാര്‍ഥികള്‍ക്ക് ഒപ്പം ആണ്..... ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് അല്ലങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം ഇറങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ആണ് പലായനം.... സ്വന്തം വീട്ടിലേക്ക് അല്ലെങ്കില്‍ രാജ്യത്തേക്ക് ഉള്ള തിരിച്ച് വരവിനെ പലായനം എന്ന് വിശേഷിപ്പിക്കാറില്ല.... അതുകൊണ്ട് മനസ്സിലേക്ക് പലായനം എന്ന വാചകം ശരിയല്ല.... മനസ്സില്‍ നിന്ന് പലായനം എന്നായിരുന്നു എങ്കില്‍ ശരിയായിരുന്നു പക്ഷെ ഷാജു പറഞ്ഞ സാഹചര്യങ്ങള്‍ക്ക് അത് ഇണങ്ങുകയും ഇല്ല....ഷാജുവിന്‍റെ സാഹചര്യത്തിന് മനസ്സിലേക്ക് ആവാഹിപ്പിക്കപ്പെടാറുണ്ട് എന്ന വാചകം ഒന്നും കൂടി ഇണങ്ങും എന്നും തോന്നുന്നു.... ചെറിയ ഒരു തെറ്റാണ് എന്ന് സ്വാഭാവികമായും തോന്നും എങ്കിലും എഴുത്തിനെ ആകെ മാറ്റിമറിക്കാന്‍ ആ ഒരു തെറ്റ് ധാരാളം..... എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാവട്ടെ.... ലോകം വായിക്കുന്നു എന്ന ചിന്ത ഉണ്ടാവട്ടെ.... ഭാവുകങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം.. എനിക്കിഷ്ടായി.. പിന്നെ നീര്‍വിളാകന്‍ പറഞ്ഞതിനോട് യോജിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  7. ഷാജുവിന്റെ കവിത കൊള്ളാം.
    ആശയം ഇഷ്ടമായി.
    നീർവിളാകൻ (ദെന്തൊരു പേര് ) :P പറഞ്ഞ കാര്യത്തിൽ യോജിപ്പുണ്ട്.
    ഷാജു പോസ്റ്റിടാൻ ധൃതി കൂട്ടി.

    മറുപടിഇല്ലാതാക്കൂ
  8. ചെറുതായൊന്നു നിരാശപ്പെടുത്തി ഷാജൂ....
    കൂടുതല്‍ പ്രതീക്ഷിച്ചത് കൊണ്ടാവണം.
    വായനക്കാരന്‍ മെനക്കെടുത്തുന്ന സമയത്തിന് ഉത്തരവാദിത്തം കവിക്കാണ്.
    ഏറ്റവും ചുരുങ്ങിയത്, കവിക്കെന്കിലും ഇഷ്ട്ടപ്പെട്ടെന്കിലെ
    പൊതു ഇടങ്ങളില്‍ പതിക്കാവൂ..
    സാരമില്ല..
    ഇനിയുമിനിയും ശ്രമിക്കൂ...
    കൂടുതല്‍ വായിക്കൂ..

    ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  9. ആദ്യം ഒന്ന് ഓടിച്ചു വായിച്ചു നോക്കിയപ്പോൾ കണ്ട കാര്യം പറഞ്ഞെന്നതിനുപരി കവിതയിലെ ആശയത്തെയും അവതരണത്തെയും പദ പ്രയോഗത്തെയും കാര്യമായി ഗൌനിച്ചില്ല . അക്ഷരത്തെറ്റുകൾ തിരുത്തി കണ്ടതിൽ സന്തോഷം ഷാജൂ .. മുകളിൽ നീർവിളാകൻ പറഞ്ഞതിൽ കാര്യമുണ്ട് .. ആ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു . കവിതയെ വിലയിരുത്താൻ ഞാൻ ആളല്ല എങ്കിലും എന്റെ ആസ്വാദനത്തിൽ എനിക്കിതിനെ ഷാജുവിന്റെ മനസ്സിൽ രൂപപ്പെട്ട ഒരു അസ്വസ്ഥമാക്കുന്ന തോന്നൽ ആയിട്ടാണ് കാണാൻ സാധിക്കുന്നത് . കഥയോ , കവിതയോ എന്തുമാകട്ടെ മനസ്സിലുള്ള ചിന്തയെ വാക്കുകളിലേക്കു നല്ല ഭാഷയിൽ പകർത്തി എഴുതുന്നത് സാഹിത്യം തന്നെയാണ് ..ആ അർത്ഥത്തിൽ എനിക്കിതു ഇഷ്ടമായി .. പക്ഷെ ഷാജുവിന്റെ എഴുത്തിന്റെ നിലവാരം ഇതല്ല ആകെണ്ടതെന്നു കൂടി ഞാൻ പറയട്ടെ .. ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  10. @നിർവിളാകൻ,
    അജിത്തേട്ടാ, വലിയ ഒരു പാഠം ആണ് പറഞ്ഞ് തന്നത്, ഇതിൽ നിന്നും ഞാൻ അങ്ങേയുടെ വളരെ വിശാലമായ ചിന്തയേയും നല്ല വായനക്കാരനേയും ബഹുമാനിക്കുന്നു, താങ്കളൊടെ ഒരോ കമാന്റുകളും ഞാൻ വളരെ വിശദമായി തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നുമുണ്ട്........
    ഇത്ര നന്നായി വായിച്ച് അഭിപ്രായം പറയുന്ന മറ്റൊരു എഴുത്തുകാരനേയോ, വായനക്കാരനേയോ എന്റെ ബ്ലോഗ് ലോകത്ത് ഞാൻ കണ്ടിട്ടില്ല...
    തീർച്ചയായും ആവാഹിപ്പിക്കപ്പെടാറുണ്ട് എന്ന വാചകം ചേർക്കാൻ ഞാൻ ശ്രമിക്കാം, ഒന്ന് കൂടി വായിക്കട്ടെ......

    ആദരവോടെ, നന്ദി

    മറുപടിഇല്ലാതാക്കൂ
  11. @Jasyfriend
    @ശിഹാബ്മദാരി
    വളരെ നന്ദി വായനക്കും അഭിപ്രായത്തിന്നും

    @Noushad Koodaranhi
    ഇക്കാ വായിച്ച് അഭിപ്രായം പറഞ്ഞതിൽ നന്ദി അറിയിക്കുന്നു
    തീർച്ചയായും ശ്രമിക്കാം, വായിക്കാം..............

    മറുപടിഇല്ലാതാക്കൂ
  12. @പ്രവീണ്‍ ശേഖര്‍
    പറഞ്ഞു തരുന്നവ എല്ലാം ഒരോ പാഠമാണ്, അത് ഉൾക്കൊണ്ട് തന്നെയാണ് എഴുതുന്നത്, പ്രവിയെപ്പോലെ വളരെ വ്യക്തമായി തുറന്ന് അഭിപ്രായം പറയുന്നവർ തന്നെയാണ് വായനക്കാരൻ അവേണ്ടത്, അപ്പോൾ പല കാര്യങ്ങൾ മനസ്സിലാക്കുകയും വരും എഴുത്തുകളിൽ അവ തിരുത്തി മുന്നോട്ട് പോക്കാൻ സാഹായകമാകുകയും ചെയ്യും
    തുടർന്നും നല്ല വായനയും വിലയിരുത്തലുകളും പ്രതീക്ഷിച്ചുക്കൊണ്ട് നന്ദി അറിയിക്കുന്നു...............

    മറുപടിഇല്ലാതാക്കൂ
  13. ഷാജു, ആശയം നന്നായിട്ടുണ്ട്..

    വീണ്ടും പുതിയ രചനകൾ വരട്ടെ.
    തെറ്റുകള ഇനിയും ചൂണ്ടിക്കാണിക്കാൻ
    വന്നതാണ് എന്ന് കരുതണ്ട.

    ആ പ്രൊഫൈൽ വിവരണത്തിൽ (കുത്തി നേവിച്ച,
    തെറ്റുക്കൾ etc...) തെറ്റുകൾ എന്നത് തന്നെ
    തെറ്റ് ആണ്.അതും സമയം പോലെ ഒന്ന് തിരുത്തുക .

    ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  14. കവിത വായിച്ചു.ചില കമന്‍റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.നീര്‍വിളാകന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവര്ക്കും പ്രയോജനപ്പെടും.ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ
  15. ഷാജു പതിവ് ഫോമില്‍ എത്തിയില്ല എന്ന പരിഭവം മാത്രം ഇവിടെ പറയുന്നു

    മറുപടിഇല്ലാതാക്കൂ
  16. അക്ഷരത്തെറ്റുകൾ മാറ്റൂ, ആശയം ഇഷ്ടമായി.
    വീണ്ടും പുതിയ രചനകൾ വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  17. പുസ്തകങ്ങൾ സുഹൃത്തിനോട് വാങ്ങുന്നത് മുതൽ തുടങ്ങുന്ന ആകാംക്ഷ...

    വായിച്ചു തീർന്നാലും വിട്ടു മാറാത്ത വികാരങ്ങൾ...

    നന്നായി ഷാജൂ...

    മറുപടിഇല്ലാതാക്കൂ
  18. പുസ്തകങ്ങള്‍ കൈമാറ്റപ്പെടുമ്പോള്‍ സ്നേഹവും സൌഹൃദവും കൂടിയാണ് പങ്കുവെക്കപ്പെടുന്നത് എന്ന കാര്യത്തില്‍ സംശയമില്ല; എന്നാല്‍ രചയിത്താവിന്‍റെ മറ്റാരുടെയെങ്കിലും ചിന്തകള്‍ അതില്‍ കടന്നുകൂടുമോ എന്നറിയില്ല. ഒരുപക്ഷെ ഒരു പ്രത്യേക സാഹചര്യത്തിലോ അല്ലെങ്കില്‍ വളരെ അടുപ്പമുള്ള ഒരാളുടെയോ കയ്യില്‍ നിന്നും ലഭിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ വികാരമാവാം ഷൈജുവിനെ ഈയ്യൊരു നിഗമനത്തില്‍ എത്തിചേരാന്‍ പ്രേരിപ്പിച്ചത്. എന്തായാലും കൊള്ളാം...

    ഞാനും പലര്‍ക്കും പുസ്തകങ്ങള്‍ കൊടുത്തിട്ടുണ്ട്‌, പക്ഷെ പലര്‍ക്കും അതേപോലെ തിരിച്ചേല്‍പ്പിക്കാന്‍ നല്ല മടിയാണ്, അഥവാ തന്നാല്‍ തന്നെ, ഇനിയൊരു പ്രാവശ്യം കൂടി വായിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും അതിന്‍റെ കോലം... അങ്ങനെയും ചിലരുണ്ട്.. അപ്പോള്‍ വരുന്ന വികാരം വേറെയാണ്...
    എഴുത്തിനു ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  19. കവിത എന്നതിലേക്ക് എത്തിയോ എന്നെനിക്ക് സംശയം ഉണ്ട്.. കമന്റ്കളിലൂടെ കടന്നു പോയപ്പോള്‍ ഷാജു തിരുത്തിയെഴുതിയ കോപ്പി ആണ് ഞാന്‍ കാണുന്നത് എന്ന് മനസിലായി (അവിടെയും അശ്രദ്ധ കൊണ്ട് അനായാസം എന്നത് അനയാസം ആയി താനെ നിലകൊള്ളുന്നു) . അസ്വസ്ഥമായ ഏതോ ചിന്തയില്‍ നിന്നാണ് ഈ വാച്കങ്ങളിലെക്ക് എത്തിയതെന്ന് തോന്നി - പക്ഷെ, എനിക്കും ഇടയ്ക്ക് തോന്നാറുണ്ട് ഒരു പുസ്തകത്തിനും അത് വായിച്ചവരുടെ ചിന്തകള്‍ , ഓര്‍മ്മകള്‍ ഉണ്ടാകാറുണ്ടെന്നു ! ഇനിയും നല്ല കുറുക്കിയെടുത്ത കവിതകളോടെ ഷാജു വരുമെന്ന് കരുതട്ടെ , ആശംസകള്‍ (എഴുതുന്നത് -ഒരിക്കല്‍ കൂടിയെങ്കിലും വായിക്കും എന്നത് ഷാജു ഒരു ശീലമാക്കുക -നല്ലതേ വരൂ :) )

    മറുപടിഇല്ലാതാക്കൂ
  20. പ്രിയരേ അഭിപ്രായങ്ങൾക്കും വായനക്കും എല്ലാവർക്കും നന്ദി
    തെറ്റുകൾ എല്ലാം തിരുത്തിയിട്ടുണ്ട്, ഇനി പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
    നന്ദി

    മറുപടിഇല്ലാതാക്കൂ
  21. പണ്ട് പുസ്തകങ്ങൾ കൈമാറി വായിച്ചിരുന്ന കാലം ഓര്മ്മ വന്നു.
    .
    ഒരു പുസ്തകം കൈമാറുമ്പോൾ ഒരു സ്നേഹ പ്രകടനം കൂടിയാണ് അത് എന്ന് ഞാൻ വിചാരിക്കുന്നു.

    നല്ല രചന..ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  22. നന്നായിരിക്കുന്നു ഗുരൂ .... പിന്നെ വിമര്‍ശനങ്ങള്‍ ഉള്കൊണ്ടുകൊണ്ട് ഇനിയും എഴുത്തിന്റെ താരകളിലെ
    വഴിദീപം പ്രോജ്ജ്വലിപ്പിക്കാം...

    മറുപടിഇല്ലാതാക്കൂ
  23. പ്രിയരേ അഭിപ്രായങ്ങൾക്കും വായനക്കും എല്ലാവർക്കും നന്ദി
    തെറ്റുകൾ എല്ലാം തിരുത്തിയിട്ടുണ്ട്, ഇനി പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
    നന്ദി

    മറുപടിഇല്ലാതാക്കൂ
  24. നല്ല ചിന്തകള്‍ നല്ല വരികള്‍. ചിന്തകളിലും വരികളിലും സൗന്ദര്യമുണ്ട്

    മറുപടിഇല്ലാതാക്കൂ
  25. ചിന്തയുണര്‍ത്തുന്ന ചിന്തകള്‍ !
    അസ്രൂസാശംസാകള്‍ :)

    മറുപടിഇല്ലാതാക്കൂ