ഉച്ചയുറക്കത്തിൽ
മൂലോടിന്റെ വിടവിൽ
ആകാശം കാണാം,
അടുപ്പിലെ പുകയുമൊത്ത്
വെയിൽ
പതിവായി
പായ വിരിപ്പിലേക്ക്
അമ്പുകൾ എയ്യാറുണ്ട്,
നാലുമണി മഴ
അത്താഴച്ചോറിലേക്ക്
ഉന്നം തെറ്റാതെ വീഴുമ്പോൾ
ചെമ്പിനുമുകളിൽ അവൾ
മുറംകൊണ്ട് ബാരിക്കേഡ് തീർക്കും,
പെരുമഴപെയ്യുമ്പൊ
പുറത്തുപെയ്യുന്നതിലും
കൂടുതൽ മഴ
അകത്ത് പെയ്യാറാണ് പതിവ്,
അകത്തളത്തിലെ
ചോർച്ചക്കെതിരെ
സമരം ചെയ്യുന്നവർ
സ്റ്റീൽ-പാത്രവും, പൊട്ടിയ
പ്ലാസ്റ്റിക് ബക്കറ്റുമാണ്,
മഴ തോരുംവരെ അവരുടെയാ-
സംഗീതത്തിൽ ലയിക്കും,
അവർക്കൊപ്പം
സുലൈമാനിയിൽ
വറുത്ത അരിമണിയിട്ട്
താളം പിടിക്കും;
കടലു കടക്കുന്ന സ്വപ്നമാണുള്ളിൽ
മണൽക്കാട്ടിലെ പൊന്ന് വാരി
മരതകനാട്ടിലൊരു സുൽതാനാകുന്ന
കിനാവുണ്ട് മനസിൽ,
നിസാറിന്റെ വീടും മതിലും
സിറാജിന്റെ കാറും ഗർവും,
എല്ലാത്തിനും റിയാലിന്റെ മണമാണ്,
അതൊരു ചിറകുമുളച്ച പക്ഷിയായി;
വിയർപ്പിന്റെ സമരച്ചൂടിലിന്ന്
വീട്ടിൽ പുകയില്ലാത്ത അടുപ്പും
വിടവില്ലാത്ത കോൺഗ്രീറ്റുമായി,
ശത്രുക്കളുടെ
സഗീതാക്രമണവും
പമ്പ കടന്നിട്ടുണ്ട്,
ഉച്ച വിശ്രമത്തിൽ
പൊടിക്കാറ്റേൽക്കാത്തിരിക്കാൻ
മുഖം തുണികൊണ്ട് മൂടി
ഈന്തപ്പനച്ചുവട്ടിൽ
മലർന്ന് കിടക്കുമ്പോൾ
പനയോലകൾക്കുളിലൂടെ
മണൽക്കാറ്റിനോടൊപ്പം
കൂടുതൽ ശക്തിയാർജിച്ച്
വെയിലിന്നുമെന്റെ
വിരിപ്പിൽ
ശരമെയ്യുന്നുണ്ട്,
മരുഭൂമിയിൽ
ചാറ്റൽ മഴ
കാത്ത്.....!
മീന വെയിൽ പോലെ പൊള്ളുന്ന കവിത .....
മറുപടിഇല്ലാതാക്കൂഅരിമണി വറുത്തിട്ട കട്ടൻ ...
അകത്തളത്തിലെ മഴ ..
മരുഭൂമിയിലെ വെയിൽ കവിതക്ക് സലാം
നന്ദിയുണ്ട് ഈ അഭിപ്രായത്തിന്
മറുപടിഇല്ലാതാക്കൂ