2016, ജൂൺ 5, ഞായറാഴ്‌ച

ഭൂമിയുടെ കഥ ഒരു അമ്മ പറഞ്ഞത്

ചുവരിൽ തൂങ്ങിയാടും ചുവർ ചിത്രത്തിലുണ്ട്
പച്ചനിറമുള്ള നീളൻ പൈൻ മരങ്ങൾ,
കണ്ട് ചോദിച്ചു പൊൻ മകനമ്മയോട്
അമ്മേ ഇതുപോലൊരെണ്ണം എനിക്കു വേണം,
മകനെ കൈപ്പിടിച്ചു നടന്നമ്മ ഗ്രാമ വഴിയലൂടെ
തെല്ലതിശയംകൂറി പറഞ്ഞു,
അമ്മ:-
"മകനേ ഇതിന്നലെ കാടായിരുന്നു
ഇവിടെ
ആ ചുവരിലാടും പൈൻ മരങ്ങളായിരുന്നു
പച്ച നിറമായിരുന്നു
ഇന്നിൻ കിനാവിലെ സ്വർഗ്ഗമായിരുന്നു
ജീവനായിരുന്നു
ചീവിടിൻ പാട്ടായിരുന്നു
ചിലന്തി വലയായിരുന്നു,
ഉതിരും മഞ്ഞു കണമായിരുന്നു
ഇവിടെ
ചിരിക്കും പ്രണയ മുഖങ്ങളായിരുന്നു
മധുര മാമ്പഴത്തിനായ് കരയും കുരുന്നുകളായിരുന്നു
ചിലക്കും പല്ലിയും
ചിതറിയോടും അണ്ണാരക്കണ്ണനായിരുന്നു
തിരക്കായിരുന്നു
ചെറുപക്ഷികൾ മാമ്പഴം കൊത്തിവീഴ്ത്തുന്നതിന്റെ
ശബ്ദ മുഖരിതമായിരുന്നു
കളകളമൊഴുകും അരുവികളുടെ
ജലം നിറഞ്ഞൊഴുകും മൺക്കെട്ടുകളുടെ
മഴയായിരുന്നു
മാനം തണുപ്പായിരുന്നു
മനം നിറയെ കുളിരുമായിരുന്നു
മകനേ ഇത് മണ്ണായിരുന്നു
ഈ റോഡ് പാടമായിരുന്നു
ആ കാണം കോൺക്രീറ്റു കോട്ടകൾക്കപ്പുറം
പച്ചനിറമുള്ള മലയായിരുന്നു
അതിൽ അരുവികൾ, ചെറുതോടുകൾ
പൊയ്കകളുണ്ടായിരുന്നു,"
മകൻ:
അമ്മേ ഇതൊരു കഥയാണെനിക്ക്
വെറും രസമുള്ള സ്വപ്ന വിവരണം മാത്രം
സ്വപ്നത്തിലല്ലാതെ ഓർമിക്കുവാൻ കഴിയാത്ത
പ്രപഞ്ച സങ്കല്പ അത്ഭുത കഥ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ