Published in Rashtraboomi July 2014
കാത്തിരുന്ന് എണ്ണിയും കൂട്ടിയും കിഴിച്ചും അങ്ങനെ ആ ദിവസം എത്താറായി. നീണ്ട കാത്തിരിപ്പിനൊടുവിലെ പ്ര്വവാസത്തിനു ചെറു വിരാമം ഇടുന്നു, നാടും വീടും നാട്ടാരെയും തിരികെ കിട്ടുന്ന ആ യാത്രക്കുള്ള ഉത്സാഹത്തില്‍ ആയിരുന്നു ഞാന്‍. തയ്യാറെടുപ്പിന് മുന്നോടിയായി ദിവസങ്ങളായിട്ടുള്ള പാച്ചിലാണ്. നാട് വീട് ഉമ്മ ഉപ്പ സഹോദരി സഹോദരങ്ങൾ അവരോടുള്ള ആത്മബന്ധത്തിന്റെ മതിക്കാനാവാത്ത വിലയെ പറ്റി പറഞ്ഞാല്‍ മനസ്സിലാകാത്ത ഒരു സമൂഹത്തിന് നടുക്ക് അരക്ഷിതാവസ്ഥയുടെ നീറിപ്പുകച്ചിലിനു ഇടയിലുള്ള തിരക്കേറിയ ഓഫീസ് സമയത്തിനിടയില്‍ നിന്ന് അല്‍പ്പസമയം കവര്‍ന്നെടുക്കണം. ആ വിലയേറിയ സമയം പരമാവധി വിനിയോഗിച്ച് സാധങ്ങൾ വാങ്ങണം, പെട്ടികെട്ടണം അങ്ങനെ മനസ്സിനെ മഥിക്കുന്ന പലതരം ചിന്തകൾ അതോടൊപ്പം നാട്ടിൽ എത്തുന്നതിന്റെ സന്തോഷം, അങ്ങനെ അങ്ങനെ പറയാൻ കഴിയാത്ത ഒരുപാട് ചിന്തകൾ മനസ്സിൽ സൂക്ഷിച്ച് മണിക്കൂറുകൾ എണ്ണി കഴിക്കുകയാണ്. മനോഹരമായ ആ ദിവസം കാത്ത്...
ആദ്യത്തെ വെക്കേഷനാണേയ്. ഉപ്പക്കുള്ള അത്തര്‍, ഉമ്മയുടെ ബ്ലാങ്കറ്റ്, സഹോദരന്മാരുടെ ടീഷര്‍ട്ടുകള്‍, പിന്നെ പതിവ് പ്രവാസി വിഭവങ്ങള്‍ ആയ സോപ്പ്, ഷാമ്പൂ, വേദനസംഹാരി ബാമുകള്‍ എല്ലാം ഉണ്ടന്ന് ഉറപ്പു വരുത്തി, സഹമുറിയന്മാരുടെ അകൈതവമായ സഹായത്തോടെ പെട്ടികെട്ടല്‍ മഹോല്‍സവമാക്കി. ങ്ങനെ പോകാനുള്ള ദിവസം സമാഗമമായി. സുഹൃത്ത് ഓര്‍മ്മപ്പെടുത്തി “ടിക്കറ്റും പാസ്സ്പോര്‍ട്ടും എടുത്ത് ഭദ്രമായി വെക്കണം”. പിന്നെ വിമാനത്തവാളം ലക്ഷ്യമാക്കി യാത്ര. നീണ്ട ക്യൂവിന് അവസാനം പാസ്പോര്‍ട്ടും ടിക്കറ്റും കൊടുത്ത് ബോര്‍ഡിംഗ് തരമാക്കിയപ്പോള്‍ എയർപ്പോർട്ടിലെ പരീക്ഷയും പരീക്ഷണങ്ങളും കഴിഞ്ഞു എന്നാണ് കരുതിയത്. പക്ഷെ എരിതീയില്‍ നിന്ന് വറച്ചട്ടിയിലെക്ക് എന്നവണ്ണം എത്തിയത് ബോഡി ചെക്കിങ്ങിന്റെ അരികിലാണ്. സൗദി ഉദ്യോഗസ്ഥന് ഒപ്പം സഹായിയായി നില്‍ക്കുന്ന ബംഗാളി ഉദ്യോഗസ്ഥനെക്കാള്‍ ഒരു ഡിഗ്രി കൂടിയ ജാഡയില്‍ എന്നോട് ബംഗാളി കലര്‍ന്ന അറബി ഭാഷയില്‍ എന്തോ ഒന്ന് പറഞ്ഞു. ഞാൻ അവന്റെയും അവന്റെ ബോസ്സ് സൗദി ഗസ്ഥനെയും മുഖത്തേക്ക് ഇമചിമ്മാതെ നോക്കി നില്‍ക്കുമ്പോള്‍ ആണ് ഒരു സൗദി ഉദ്യോഗസ്ഥന്റെ വക ഗര്‍ജ്ജനം. ഒരു നിമിഷം എടുത്തു കാര്യം മനസ്സിലാകാന്‍. പഴ്സും, മൊബൈലും ബെല്‍ട്ടും അഴുപ്പിച്ചപ്പോള്‍ മനസ്സില്‍ സന്ദേഹം ഉണ്ടായിരുന്നു ഇനി എന്തൊക്കെ ഊരേണ്ടി വരും എന്ന്. അങ്ങനെ മഹത്തായ ആ ചെക്കിങ്ങും കഴിഞ്ഞ് വീമാനത്തില്‍ കയറാനുള്ള ഊഴവും കാത്ത് ലോബിയില്‍ കാത്തിരിക്കവേ, പരസ്യത്തില്‍ കണ്ടുമറന്ന ആയിരം സൂര്യൻ ഒന്നിച്ച് കത്തിച്ചപ്പോലെയുള്ള എയർ എന്ത്യയുടെ ചിത്രം മനസ്സിലിങ്ങനെ യറിയിറങ്ങികൊണ്ടേയിരുന്നു.
വാച്ചിലേക്ക് നോക്കി. ഇനി ധാരാളം സമയം ഉണ്ട്. ചെറുമയക്കത്തിലേക്ക് അറിയാതെ വീണു പോയി. നാടിന്റെ മനോഹര ഓര്‍മ്മകള്‍ സ്വപ്നത്തിലൂടെ വിമാനത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച് തുടങ്ങുമ്പോള്‍ ആണ് ഒരു ചിലമ്പിച്ച ശബ്ദം എന്നെ ഉറക്കത്തില്‍ നിന്നും ഒപ്പം മനോഹര സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തിയത്. അകാരണമായി ശല്യമുണ്ടാക്കിയതിന്റെ നീരസത്തില്‍ ഞാന്‍ ആഗതന് നേരെ ഒരു നോട്ടം എറിഞ്ഞു. നാല്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൃശഗാത്രന്‍. തോളില്‍ പഴയ തുകല്‍ സഞ്ചി. മുഷിഞ്ഞ വേഷത്തിലും കണ്ണുകളിലെ ധൈന്യതയിലും അയാളുടെ ജോലിയുടെ കഠിനത എന്തെന്ന് എഴുതി വച്ചിരുന്നു. അയാള്‍ എന്റെ തൊട്ടടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ കണ്ണുകള്‍ കൊണ്ടു അനുവാദം ചോദിച്ചു. അതില്‍ അലസമായി വച്ചിരുന്ന എന്റെ ചെറിയ ബാഗും, മൊബൈലും എടുത്ത് മടിയില്‍ വച്ച് ഇരിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. ഒരു ചെവിയില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോണിന് അല്‍പ്പ സമയം വിശ്രമം കൊടുത്ത് ആംഗ്യഭാഷയില്‍ ഫോണില്‍ തുടര്‍ന്നു സംസാരിക്കാനുള്ള അനുവാദം വാങ്ങി. ഞാന്‍ ചിരിയോടെ തലകുലുക്കി.
"കുട്ടി ഇനി ഉറങ്ങിക്കെ ഞാൻ നാളെ അവിടെ എത്തിയില്ലേ, ബാബു കിടന്നോ, ഉമ്മാ ഉറങ്ങിയൊ" അങ്ങനെ അയാള്‍ ഫോണില്‍ സംഭാഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇടക്ക് എന്നെ നോക്കി ഒരു ശല്യമായോ എന്നാ രീതിയില്‍ കണ്ണുകള്‍ കൊണ്ടു ആഗ്യങ്ങള്‍ കാണിച്ചും, ഫോണില്‍ മറുവശത്ത് ഉള്ളവരോട് ചിരിച്ചും കലഹിച്ചും തമാശകള്‍ പറഞ്ഞും അതിലെ ബാലന്‍സ് തീരും വരെ. നീണ്ട ആ ഫോണ്‍ സംഭാഷണം തീര്‍ന്നപ്പോള്‍ മഞ്ഞപ്പല്ലുകള്‍ കാട്ടി ഒരു ചിരിയോടെ അയാള്‍ എന്നിലേക്ക് തിരിഞ്ഞു.
"അല്ല ഈ ഇരിക്കുന്നവരെല്ലാം കോയിക്കോട്ടേക്കല്ലേ.......?"
ഞാൻ അയാളുടെ മുഖത്തേക്കൊന്നു നോക്കി ചിരിച്ചു..... അത് എയര്‍ ഇന്ത്യയുടെ ഡിപ്പാര്‍ച്ചര്‍ ഗെറ്റ് ആണെന്നും അവിടെ ഇരിക്കുന്നവര്‍ എല്ലാം ആ വിമാനത്തില്‍ പറക്കെണ്ടവര്‍ ആണെന്നും അറിയാത്ത പാവം മനുഷ്യന്‍...... അയാളുടെ ഗൌരവ മുഖത്ത് അല്‍പ്പം സന്തോഷം വരട്ടെ എന്ന് കരുതി ഞാന്‍ മറുപടി നല്‍കി..
"ഈ ഇരിക്കുന്നവർ എല്ലാം എങ്ങോട്ടാണെന്നറിയില്ലാ..... ഞാൻകോഴിക്കോട്ടേക്കാണ്...!”
ഗൌരവ മുഖത്തിന്റെ കോണില്‍ ഒരു ചിരി വിടര്‍ന്നു... പിന്നെ ചുറ്റുപാടും നോക്കി ഒന്ന് വിശകലനം ചെയ്തു..... പിന്നെ എന്നെ നോക്കി വളരെ ഗൌരവത്തില്‍ പറഞ്ഞു.... “ഇങ്ങള് പറഞ്ഞത് ശരിയാ..... ആ കാണുന്നവർബഗ്ലാദേശിലേക്കാണ്, ആ കാണുന്നവർ മിസിറിലേക്കാണ്......”
അയാളുടെ സംഭാഷണം അവസാനിക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പതിയെ എന്‍റെ ദ്രിഷ്ടികള്‍ അകലെ കിടക്കുന്ന അനവധി വിമാനങ്ങളിലെക്ക് പായിച്ച് ഏതാണ്ട് പാതി ഉറക്കത്തില്‍ എന്നവണ്ണം ഇരുന്നു.... അയാള്‍ ആരോടെന്നില്ലാതെ അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു....
വീമനത്തിലേക്ക് പോകാനുള്ള ബസ്സ് എത്തി. അയാള്‍ ധൃതിയിലാണ്. നാടെത്താനുള്ള അയാളുടെ പാച്ചില്‍ ഓരോ വാക്കിലും പ്രവര്‍ത്തിയിലും നിഴലിക്കുന്നുണ്ട്. നിറം മങ്ങിയ ആ കണ്ണുകളില്‍ പുതുജീവന്‍ വച്ചത് പോലെ.. ബസ്സ് വീമാനം ലക്ഷ്യമാക്കി നീങ്ങി, ദൂരേ നിന്ന് ഹിന്ദിയിൽ എഴുതിയ എയർ എന്ത്യ എന്ന ചുമന്ന അക്ഷരങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സൊന്നു തണുത്തു. പകുതി നാട്ടില്‍ എത്തിയപോലെബസ്സ് വിമാനത്തോട് അടുക്കും തോറും എന്റെ സന്തോഷത്തിന് മേല്‍ ആശങ്ക കരിനിഴലായി പെയ്തിറങ്ങി. ഇരു വശങ്ങളിലെയും ചിറകിന്റെ അടിയിൽ പൊളിഞ്ഞു വീഴാന്‍ തയ്യാറായി നിൽക്കുന്ന തകിടുകള്‍. നിറം മങ്ങിയ ഇന്ത്യന്‍ ദേശീയ പതാകയും പ്രസിദ്ധമായ എയര്‍ ഇന്ത്യയുടെ രാജാവും. എണ്‍പതുകളുടെ പ്രാരംഭദിശയില്‍ അവിടെ നിന്നോ കടം എടുത്ത പഴകി ദ്രവിച്ച ആ വിമാനത്തിലേക്ക് അടുക്കുന്തോറും എന്റെ ആശങ്കകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും വ്യാപ്തിയും വന്നു. പിന്നെ ചുറ്റും നില്‍ക്കുന്ന നൂറുകണക്കിന് സഹയാത്രികരെ കണ്ടപ്പോള്‍ ഒരു വല്ലാത്ത ആശ്വാസം. മരണത്തിലേക്ക് ആണെങ്കിലും ജീവിതത്തിലേക്ക് ആണെങ്കിലും തനിച്ചല്ലല്ലോ. ആശങ്കയുടെ നീറ്റലില്‍ നിന്നും ആശ്വാസത്തിന്റെ തീരത്തേക്ക് പതിയെ തിരിച്ചെത്തി. ആദ്യ യാത്രയുടെ സന്ദേഹം ഇല്ലാതെ സീറ്റ് നമ്പർ തിരഞ്ഞ് പിടിച്ച് കൈ സഞ്ചിയും മറ്റുമെല്ലാം മുകളിൽ സെൽഫിൽ തിരുകി സമാധനാമായി ഇരുന്നു. പിറകില്‍ നിന്ന് ഒരു തോണ്ടല്‍.... അയാള്‍ ആണ്. മഞ്ഞ പല്ല് കാട്ടി ചിരിച്ചു.....
"മാനേ ഞമ്മൾ ഇബടത്തെന്നെ ഇണ്ട് ട്ടാ", ഞാൻ ചിരിച്ചു തലയാട്ടി.
ഉയരുന്ന വിമാനത്തില്‍ നിന്ന് വരുന്ന കടകട ശബ്ദങ്ങള്‍ ശരിക്കും ഭയം എന്തെന്ന് എന്നെ അറിയിച്ചു. ഇറുകെ കണ്ണുകള്‍ അടച്ചു. പ്രാര്‍ഥനയില്‍ ആയിരുന്നു ഞാന്‍. അതുവരെ ഉന്മേഷവാനായി ചിരിച്ച് ഇരുന്ന അയാളിലും ഭയം നിറയുന്നത് ഞാന്‍ കണ്ടു. വിമാനം ഏതാണ്ട് ഉയരത്തില്‍ എത്തിയപ്പോള്‍ അയാളില്‍ നിന്ന് ഉണ്ടായ നിശ്വാസം എന്റെ മുഖത്ത് മരുഭൂമിയിലെ ഉഷ്ണക്കാറ്റിനെ പോലെ വന്നടിച്ചു. ഞാന്‍ പതിയെ സീറ്റിലേക്ക് അമര്‍ന്നിരുന്നു.
ഞാന്‍ എന്റെ കെട്ടിയിട്ട ചിന്തകളെ നാടിന്റെ പച്ചപ്പിലേക്ക് അഴിച്ച് മേയാന്‍ വിട്ടു. വര്‍ഷങ്ങളായി മരുഭൂമിയുടെ അത്യുഷ്ണമാകുന്ന കൃത്രിമ ഭക്ഷണം കഴിച്ച് ശുഷ്കിച്ച മാടിനെപ്പോലെ എന്റെ മനസ്സ് ആര്‍ത്തിയോടെ നാടിന്റെ പച്ചപ്പിനെ ഓടിനടന്നു ഭക്ഷിക്കുകയായിരുന്നു അപ്പോള്‍. ഒരു പതിനാലാം രാവിന്ന് കാത്തിരിക്കുന്നത് പോലെ വിവര്‍ണ്ണനീയമായ ഒരു അവസ്ഥ. ജനിച്ച മണ്ണിന്റെ ഗന്ധം ആസ്വദിക്കാതെ വർഷങ്ങളായി കാലം തീർത്ത പ്രവാസിയെന്ന ഒരു പ്രത്യേക ജീവിയെ തിരിച്ചറിയണമെങ്കില്‍ അത് ഒരിക്കല്‍ എങ്കിലും അനുഭവേദ്യമാകാതെ സാധിക്കില്ല. ഒരു വിവരണത്തിനും മനസ്സിലാകാന്‍ സാധിക്കാത്ത ഒന്നാണ് അത്. ഒരു പ്രവാസി എന്താണ് എന്ന് മനസ്സിലാകണം എങ്കില്‍ അവന്റെ നാട്ടിലേക്കു പോകാനുള്ള ദിവസങ്ങള്‍ അടുക്കുമ്പോഴും പിന്നെയുള്ള തിരിച്ചുവന്ന ശേഷമുള്ള ആദ്യ നാളുകളിലും അവനെ അടുത്ത് വീക്ഷിച്ചാല്‍ മനസ്സിലാകും. അവന്റെ ഓരോ യാത്രയും അവസാനിക്കുന്നതും തുടങ്ങുന്നതും ഒരുപാട് പാഠങ്ങളുമായാണ്. അവ സന്തോഷവും സന്താപവും തീര്‍ത്ത് മനസ്സിന്റെ അടിത്തട്ടിൽ മറയാതെ നിൽക്കുകയും ചെയ്യും. ഈ യാത്രയും അങ്ങനെ തന്നെ ആയിരിക്കും എനിക്ക്.. ഇന്നേ വരേ അനുഭവിക്കാത്ത ഒരു പുതിയ അനുഭൂതിയിലേക്കുള്ള യാത്ര.മണിക്കൂറുകൾ യുഗങ്ങള്‍ പോലെ തോന്നിക്കുന്ന സമയം. കേരളത്തിന്റെ റോഡുകളിലെ കിടങ്ങുകളും തടാകങ്ങളും ഓര്‍മ്മിപ്പിച്ച് വിമാനം ഇടക്ക് ആടിയും കുലുങ്ങിയും പോകാൻ തുടങ്ങി. ഞാന്‍ എന്റെ സുദീര്‍ഘമായ മനോഹര ചിന്തകള്‍ക്ക് വിരാമമിട്ട് അവിടേക്ക് വീണ്ടും ആശങ്കകള്‍ക്കും ഭയത്തിനും പ്രവേശനം അനുവദിച്ചു. ആ ഭയത്തിലും അയാള്‍ തന്‍റെ പോക്കറ്റില്‍ നിന്ന് ചീര്‍പ്പ് എടുത്ത് ആലസ്യത്തിലാണ്ട മുടിയിഴകളെ മാടിയോതുക്കുന്നുണ്ടായിരുന്നു. കൈ സ്വയം വായക്ക് മുന്നില്‍ പിടിച്ച് ഊതി ദുര്‍ഗന്ധം വരുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു. ഇടക്ക് പരിക്ഷീണനായി ടോയിലട്ടിലെക്ക് പോകുകയും തിരിച്ച് വരികയും ചെയ്യുന്നുണ്ടായിരുന്നു.
"നമ്മുടെ നാടിന്റെ മുകളിൽ എത്തിക്ക്ണ് ബണ്ടി കുലുങ്ങുന്നത് കണ്ടോ", ഉച്ചത്തില്‍ പറഞ്ഞിട്ട് സ്വയം പൊട്ടി ചിരിച്ചു അയാള്‍.... മതിഭ്രമം ബാധിച്ചവനെ പോലെ....അതുവരെ ഇല്ലാത്ത ഒരു ആകംഷയില്‍ മുഖത്ത് ഒരു ചിരി വരുത്തി ഞാന്‍ അയാളോട് ചോദിച്ചു... “അല്ലാ ക്കാക്ക എന്താ ഇങ്ങളെ പേര്....?”“ഇങ്ങള് ആള് കൊള്ളാമല്ലോ കോയാ..... നാടെത്തിയപ്പോള്‍ ആണ് ഞമ്മടെ പേര് അന്വേഷിക്കുക.....?”
അയാളുടെ മുഖത്തെ ഭാവങ്ങള്‍ എല്ലാം സമന്വയിച്ച് അവിടെ സന്തോഷം മാത്രമായി ചുരുങ്ങിയിരിക്കുന്നു..പിന്നെ ഒറ്റശ്വാസത്തില്‍ അയാള്‍ അയാളെക്കുറിച്ച് പറഞ്ഞു തീര്‍ത്തു......
"എന്റെ പേര് കോയ ഞാൻ രാമനാട്ടുകരയിലാണ് താമസം, ആദ്യം കൊണ്ടോട്ടിയേന് ജോലി തായിഫില് ഒരു ബകാലയിലാണ് ഇപ്പൊ നാട്ടിൽ വന്നിട്ട് മൂന്ന് വർഷം ആയി ഒരു വീട് വെച്ചു പെണ്ണിനെ കെട്ടിച്ചു,....."
നാടിന്റെ ഗന്ധം വിമാനത്തിന്റെ വായു കടക്കാത്ത ജനല്‍ ചില്ലകളും കടന്നു ഇങ്ങു ആകാശത്തോളം എത്തുന്നപോലെ. സൂര്യന് പോലും ഒരു ഊര്‍ജ്ജം കിട്ടിയപോലെ. ജനൽ ചില്ലയിലൂടെ എന്റെ മിഴികളെ താഴേക്ക് പായിച്ചു. മഞ്ഞു പുതച്ച മേഖങ്ങള്‍ക്കിടയിലൂടെ പച്ചപ്പിന്റെ തണുത്ത ആവരണം. നിരനിരയായി നില്‍ക്കുന്ന തെങ്ങുകളുടെ ഉച്ചിയിലേക്ക് പറന്നിറങ്ങാന്‍ എന്നവണ്ണം വിമാനം മെല്ലെ താണ് താണ്.....ഒരുപക്ഷെ ആദ്യമായി കേരളത്തില്‍ എത്തുന്ന അറബികള്‍ക്ക് ആമസോണ്‍ വനമധ്യത്തില്‍ എവിടെയോ താഴ്ന്ന്‍ ഇറങ്ങുകയാണോ എന്ന് തോന്നുന്ന തരത്തില്‍ വിശാല പച്ചപ്പിന്റെ വനസൌന്ദര്യം. ഒരു കുലുക്കത്തോടെ നാടിന്റെമണ്ണിലേക്ക് ചക്രങ്ങള്‍ തൊടുമ്പോള്‍ കാലം പിഴുതെറിഞ്ഞ മാതൃവേരുകള്‍ പൊടുന്നനവേ തിരിച്ചു കിട്ടിയ അരയാലിന്റെ ശീതളത എന്നിലേക്ക് പകര്‍ന്നിറങ്ങും പോലെ. എന്റെ മണ്ണ്. അപ്പയും കുറുന്തോട്ടിയും ചെറുചെടികളും വിമാനത്തിന്റെ ശക്തമായ കാറ്റില്‍ തിമിര്‍ത്താടി ആടി എന്നെ വരവേൽക്കുന്നു. മനസ്സിൽ സമധാനത്തിന്റേയും സന്തോഷത്തിന്റേയും ആനന്ദ നർത്തകിമാർ ഇളകിയിളകി ആടാൻ തുടങ്ങി. വിമാനത്തിലെ ഒരോ പ്രവാസിയും അവന്റെ പ്രവാസമാകുന്ന പുറം ചട്ട ഊറി എറിഞ്ഞു. അവന്റെ മുഖങ്ങളിലെ നിസംഗത സന്തോഷത്തിനു വഴിമാറുന്നത് അനുഭവിച്ചറിഞ്ഞു. ജീവപര്യന്തത്തിന് വിധിച്ച ജയില്‍ പുള്ളിയെ നല്ലനടപ്പിന് വിട്ടത് പോലെ അവരുടെ ഒക്കെയും മുഖങ്ങളില്‍ ഉന്മേഷം നിറഞ്ഞാടുന്നത് ന്തോഷത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. അടുത്തിരിക്കുന്നവരോട് സ്വന്തം നാടിന്റെ, ഗ്രാമത്തിന്റെ സന്തോഷം പങ്കു വയ്ക്കുന്നവര്‍. മൊബൈലില്‍ പുറത്ത് കാത്തിരിക്കുന്നവരോട് “ദേ ഞാന്‍ എത്തി” എന്ന് സന്തോഷത്തോടെ വിളിച്ചരിയിക്കുന്നവര്‍. ശബ്ദമുഖരിതമായ ഒരു അന്തരീക്ഷത്തിലും ആലോസമില്ലാത്ത ഒരു മനസ്സുമായി വിമാനം ടെര്‍മിനലിലേക്ക് അടുക്കുന്നതും നോക്കി ഞാന്‍ ഇരുന്നു. വിമാനം ലാന്റ് ചെയ്യുന്നതിന് മുന്‍പേ തന്നെ എഴുനെല്‍റ്റതിനു പലതവണ നമ്മുടെ കഥാനായകന്‍ കോയ എയര്‍ഹോസ്റ്റസില്‍ നിന്ന് വഴക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ അവയൊക്കെ സന്തോഷവച്ചനങ്ങള്‍ എന്നപോലെ ചിരിച്ച് കൊണ്ടു ഏറ്റുവാങ്ങി അയാള്‍ പ്രതീക്ഷയോടെ അകലെ ടെര്‍മിനലിലേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. വിമാനം നിന്നതും അയാള്‍ പെട്ടിയും ബാഗും കയ്യിലെടുത്ത് വാതില്‍ ലക്ഷ്യമാക്കി ഒരു കുതിപ്പ് തന്നെ നടത്തി. ചെക്കിങ്ങ് എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. മനസ്സിലേക്ക് ഒരു കുളിര്‍മഴ പയ്തിറങ്ങും പോലെ. കൈ മുകളിലേക്ക് ഉയര്‍ത്തി മനസ്സ് റച്ച് വിളിച്ചു... “അള്ളാ....!” നരകത്തില്‍ തീയില്‍ കിടന്ന എന്നെ ദൈവം നേരെ എടുത്ത് സ്വര്‍ഗത്തില്‍ എത്തിച്ചപോലെ. ഒഴുകി വരുന്ന കാറ്റിന് പോലും ഒരു ദൈവീകത കൈവന്ന പോലെ.
ഏതൊരു യാത്രയും എത്തിച്ചേരുന്നത് വലിയതും പുതിയതുമായ അനുഭവങ്ങളിലേക്കാണ്. ഓരോ യാത്രയും നല്‍കുന്നത് വലിയ വിസ്മയങ്ങളുടെ പാഠങ്ങളാണ്. ഞാൻ വെറുതെ കോയാക്കയെ ഒന്ന് പരതി. അതാ എന്റെ മുന്നില്‍ അഞ്ചാറ് മക്കളെ ചേര്‍ത്ത് പിടിച്ച് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി മൂര്‍ദ്ധാവില്‍ ചുംബിച്ച്, ഭാര്യയെ ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി ഒന്ന് ചേര്‍ത്ത് പിടിച്ച്, ഉമ്മയോട് കുഴലങ്ങള്‍ ചോദിച്ച്.... ഇവിടെ നിന്ന് ഇനി വീട്ടിലേക്ക് പോകുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതം തോന്നാത്ത തരത്തില്‍.... അമ്മാവന്റെ വണ്ടിയില്‍ കയറി കോയാക്കയെ കടന്നു പോകുമ്പോള്‍ ഞാൻ അയാളിലേക്ക് ഒന്ന് എത്തി നോക്കി. അതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. പ്രവാസത്തിന്റെ ചില നേര്‍ക്കാഴ്ചകള്‍..... എന്റെ വണ്ടി അയാളെയും കടന്ന് വീടും ലക്ഷ്യമാക്കി പാഞ്ഞു......
കുണ്ടോട്ടിയും മഞ്ചേരിയും വണ്ടൂരും വാണിയമ്പലവുമെല്ലാം പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്, പക്ഷെ നമ്മുടെ നാടയതിനാൽ എന്തോ മനസ്സിന് വല്ലാത്ത ആവേശം, അങ്ങനെ വണ്ടി വീട്ടിലെത്തി ഉമ്മയും ഉപ്പയും അനിയത്തിയുമെല്ലാം മുന്നിൽ തന്നെ കാത്തിരിക്കുന്നുണ്ട്, എന്നെ കണ്ടപ്പൊ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു, വീട്ടിലേക്ക് കേറിയപ്പോൾ എന്തോ ജീവിതം ഇത്രയൊക്കെ ആസ്വാദകരമാണെന്ന് തോന്നിയത്, ദൈവത്തോട് നന്ദി പറഞ്ഞു, ഇനി സമാധനമായി ഒന്ന് ഉറങ്ങണം.....
NANNU KANNAA
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂpravaasi....orikkalaum theeratha
മറുപടിഇല്ലാതാക്കൂnombarangal..namukku mathram manassilakunna
chinthakal.......
good shaju..
പ്രവാസികള്‍ക്ക് മാത്രം മനസ്സിലാകുന്നതാണ് പ്രവാസികളുടെ വിഷമങ്ങള്‍. വളരെ വിശദമായ ഒരു യാത്രയും യാത്രക്കിടയിലെ പ്രയാസങ്ങളും പ്രതീക്ഷകളും മോഹങ്ങളും കാഴ്ചകളും എല്ലാം പകര്‍ത്തി വെച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്നായി.
പ്രവാസത്തിന്റെ ചില നേര്‍ക്കാഴ്ചകള്‍. ആശംസകള്‍.
മറുപടിഇല്ലാതാക്കൂപ്രവാസി നാട്ടിലേക്ക് പോകുന്ന ഫ്ലൈറ്റിൽ എന്തെല്ലാം തമാശകൾ കേൾക്കാം. തിരിച്ചിങ്ങോട്ട് പോരുമ്പോൾ പേടിപ്പെടുത്തുന്ന ശോകമൂകത ! കോയാക്കയുടെ മുഖങ്ങൾ കുറെ ആളുകളിൽ നമുക്ക് കാണാം. അല്ലെങ്കിൽ നമ്മെ ആ മുഖവുമായി മറ്റുള്ളവർ കാണുന്നുണ്ടാവാം . ആശംസകളോടെ.
മറുപടിഇല്ലാതാക്കൂആദ്യത്തേതായാലും എത്രാമത്തേതായാലും ശരി, വിമാനം നാട്ടിലെ റൺവേയിൽ സ്പർശിക്കുന്ന നിമിഷത്തിൽ എല്ലാ പ്രവാസിയുടെയും മനസ്സിലെ വികാരം ഇത് തന്നെയായിരിക്കും... സന്തോഷത്താൾ കണ്ണുകൾ നിറയുമോ എന്ന അവസ്ഥ...
മറുപടിഇല്ലാതാക്കൂമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഷാജു... അഭിനന്ദനങ്ങൾ...
അഭിപ്രായങ്ങൾ പറഞ്ഞ എല്ലാ നല്ലവരായ സ്നേഹിതർക്കും നദി
മറുപടിഇല്ലാതാക്കൂനന്നായെഴുതി
മറുപടിഇല്ലാതാക്കൂനല്ല വിവരണം..
മറുപടിഇല്ലാതാക്കൂആശംസകൾ ഷാജൂ.
വേദനകള്‍ ഉള്ളിലൊതുക്കി നാടിനു വേണ്ടി കഴിഞ്ഞവന്‍റെ കൈ കൊണ്ട് കൊടുക്കുന്ന വേദന സംഹാരിയെക്കാള്‍ മറ്റെന്തിനു കഴിയും വേദനയകറ്റാന്‍ :) ആശംസകള്‍ ഡിയര്‍ <3
മറുപടിഇല്ലാതാക്കൂഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു ....ആശംസകള്‍ ഷാജു .
മറുപടിഇല്ലാതാക്കൂപ്രവാസത്തിന് രുചി അറിഞ്ഞിട്ടില്ലാത്തതിനാല്‍..
മറുപടിഇല്ലാതാക്കൂമനോഹരമായി എഴുതിയെന്നു മാത്രം പറഞ്ഞു കൊള്ളട്ടെ..rr
ആദ്യം അവധിക്കു നാട്ടിൽ പോയപ്പോൾ ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു . ഒരു പ്രവാസിക്ക് മാത്രമേ ഇത്ര ഹൃദയസ്പര്ശിയായി എഴുതാൻ കഴിയൂ .എഴുതുന്നത് മനസ്സിലാക്കാൻ കഴിയു . അഭിനന്ദനങ്ങൾ ഷാജു
മറുപടിഇല്ലാതാക്കൂtouchng
മറുപടിഇല്ലാതാക്കൂ